സോണിയക്കെതിരെ കത്ത്-ജിതിൻ പ്രസാദയടക്കം ഉള്ളവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് കമ്മിറ്റി
ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് 23 കോൺഗ്രസ്സ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചത് ഏറെ വിവാദമായിരുന്നു .കോൺഗ്രസ്സ് പ്രവർത്തക സമിതിയിലും കത്ത് ഏറെ ചർച്ചക്ക് വഴിവച്ചു .സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മൻമോഹൻ സിങ്ങും എ കെ ആന്റണിയുമൊക്കെ കത്തിനെതിരെ പ്രവർത്തക സമിതിയിൽ രംഗത്ത് വന്നു .ഇതിന്റെ അനുരണനങ്ങൾ കോൺഗ്രസിന്റെ വിവിധ കമ്മിറ്റികളിലും ഉണ്ടാകുകയാണ് .
കത്തിൽ ഒപ്പിട്ട എല്ലാവർക്കുമെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു കോൺഗ്രസ് ജില്ലാ കമ്മിറ്റി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .ഉത്തർപ്രദേശിലെ ലഖിമ്പുർഗിരി ജില്ലാ കമ്മിറ്റിയാണ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത് .കത്തിന്റെ പ്രധാന ഉന്നം ഉത്തർപ്രദേശിൽ നിന്നുള്ള ജിതിൻ പ്രസാദയാണ് .
“ഉത്തർപ്രദേശിൽ നിന്ന് കത്തിൽ ഒപ്പിട്ടിരിക്കുന്നത് ജിതിൻ പ്രസാദയാണ് .ഗാന്ധി കുടുംബത്തിനെതിരെയാണ് എപ്പോഴും ജിതിൻ പ്രസാദയുടെ കുടുംബം നിലപാട് എടുത്തിട്ടുള്ളത് .അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചിട്ടുള്ള ആളാണ് .എന്നിട്ടും ജിതിൻ പ്രസാദയ്ക്ക് ലോക്സഭാ സീറ്റും മന്ത്രിസ്ഥാനവും സോണിയ ഗാന്ധി നൽകി .എന്നിട്ടും ജിതിൻ പ്രസാദ അടക്കമുള്ളവർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി .ജിതിൻ പ്രസാദ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി വേണം.”കത്ത് ആവശ്യപ്പെടുന്നു .
2019 മാർച്ചിൽ സ്ഥാനാർത്ഥിത്വം കിട്ടിയിട്ടും ജിതിൻ പ്രസാദ ബിജെപിയിലേക്ക് പോകുകയാണെന്ന് ശ്രുതി ഉണ്ടായിരുന്നു .പിന്നീട് ജിതിൻ പ്രസാദ തന്നെ ഇക്കാര്യം നിഷേധിച്ചു .ജിതിൻ പ്രസാദയുടെ പിതാവ് ജിതേന്ദ്ര പ്രസാദ 1999 ൽ സോണിയ ഗാന്ധിക്കെതിരെ കലാപമുയർത്തി വിമത സ്ഥാനാർത്ഥിയായി സോണിയക്കെതിരെ തന്നെ മത്സരിച്ചിരുന്നു .
ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറിവോടെയാണോ കത്തെന്നു വ്യക്തത ഇല്ല .അതേസമയം ജിതിൻ പ്രസാദയ്ക്ക് പിന്തുണയുമായി കപിൽ സിബൽ ,മനീഷ് തിവാരി എന്നിവർ രംഗത്തെത്തി .”നിർഭാഗ്യകരമായ സംഭവം .ബിജെപിക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിന് പകരം സ്വന്തം നേതാക്കളെ ആക്രമിക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ്സ് ശ്രമിക്കരുത് .”കപിൽ സിബൽ ട്വീറ്റ് ചെയ്തു .