TRENDING

സുശാന്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ പുനഃ സൃഷ്ടിക്കാനൊരുങ്ങി അന്വേഷണസംഘം

ന്യൂഡല്‍ഹി; ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം പുരോഗമിക്കുന്നതിനിടെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് കേസിനെ പല വഴിത്തിരിവുകളിലേക്കാണ് എത്തിക്കുന്നത്. അതിനാല്‍ കേസില്‍ പുതിയ ഒരു മാര്‍ഗം പ്രയോഗിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

സുശാന്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ പുനഃസൃഷ്ടിക്കുന്നു. അതിനെ സംബന്ധിച്ച് ഇന്നലെ സിബിഐ സംഘം ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് സുശാന്തിന്റെ വസതിയിലെത്തി.

സുശാന്തിന്റെ പാചകക്കാരന്‍ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിത്താനി എന്നിവരും സിബിഐക്കൊപ്പം ഉണ്ടായിരുന്നു. സിദ്ധാര്‍ഥ് പിത്താനിയെ സിബിഐ ചോദ്യം ചെയ്യും. വെള്ളിയാഴ്ച നീരജിനെ ചോദ്യം ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയ ആശുപത്രിയിലും സിബിഐ സംഘം എത്തി. സുശാന്തിന്റെ കാമുകി നടി റിയ ചക്രവര്‍ത്തിക്ക് മോര്‍ച്ചറി മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും സിബിഐ അന്വേഷിക്കും. കൂടാതെ ഫോറന്‍സിക് വിവരങ്ങളും ശേഖരിക്കും. റിയയെക്കുറിച്ചറിയാന്‍ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യും.

റിയയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയ കര്‍ണി സേന അനുയായി സുര്‍ജിത് സിങ്ങാണ് സുശാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റിയയെ അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. റിയ സുശാന്തിന്റെ മൃതദേഹം സ്പര്‍ശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി സുര്‍ജിത് വെളിപ്പെടുത്തിയിരുന്നു.

മാത്രമല്ല സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിങ്ങിന് ദുബായില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി സുര്‍ജിത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ദുബായ്-ബോളിവുഡ് മാഫിയ ബന്ധം അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുന്ന അഞ്ച് ടീമുകളെ സിബിഐ രൂപീകരിച്ചു. മുംബൈ പൊലീസുമായും കേസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായും ഏകോപിച്ചായിരിക്കും അന്വേഷണം നടത്തുക.

Back to top button
error: