ലഖ്‌നൗ: സിനിമാ-സീരിയല്‍ നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന പരാതിയുമായി നടന്റെ ബിസിനസ് പാര്‍ട്നര്‍ രംഗത്ത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിസിനസ് പാര്‍ട്നര്‍ ശിവം യാദവ് പറയുന്നു. സ്ത്രീ 2, വെല്‍കം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മുഷ്താഖ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നവംബര്‍ 20-നാണ് നടനെ തട്ടിക്കൊണ്ടുപോയതെന്നാണ് ശിവം യാദവ് പറയുന്നത്. ഡല്‍ഹി-മീററ്റ് ദേശീയപാതയില്‍ വെച്ചാണ് സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു നടന്‍. അമ്പതിനായിരം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ നടനോട് ടാക്സിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. പിന്നാലെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 12 മണിക്കൂറോളം നടനെ പീഡിപ്പിച്ചെന്നും മോചനദ്രവ്യമായി ഒരു കോടി രൂപ ചോദിച്ചെന്നും ശിവം പറയുന്നു.
നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് 2 ലക്ഷം രൂപ തട്ടിക്കൊണ്ടുപോയ സംഘം കൈക്കലാക്കി. ഓടിരക്ഷപ്പെട്ട നടന്‍ പോലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫ്ളൈറ്റ് ടിക്കറ്റ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍, വിമാനത്താവളത്തിലെ സി.സി.ടി,വി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ കയ്യിലുണ്ടെന്നും ശിവം പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഹാസ്യനടന്‍ സുനില്‍ പാലിനെ തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിന് പിന്നാലെയാണ് മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഡിസംബര്‍ 2 ന് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു സുനില്‍ പാലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. തന്റെ കണ്ണുകെട്ടിയെന്നും മോചനദ്രവ്യമായി ആദ്യ 20-ലക്ഷവും പിന്നീട് 10 ലക്ഷവും ചോദിച്ചെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ 7.50 ലക്ഷം രൂപ നല്‍കിയതിന് ശേഷമാണ് വിട്ടയച്ചതെന്നും നടന്‍ പ്രതികരിച്ചു.