കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡില്‍നിന്ന് പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തില്‍ വാളത്തുംഗല്‍ സ്വദേശി അരുണ്‍, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലുള്ള കുടുംബവീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് 4ന് മോഷണം നടന്നത്. ഇവിടെ സ്ഥിരമായി ആള്‍ താമസമില്ല. സുരേഷ് ഗോപിയുടെ സഹോദരപുത്രന്‍ ആഴ്ചയില്‍ ഒരിക്കല്‍ വന്നു പോകും.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കെട്ടുകളാക്കി വച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചു. അപ്പോഴാണ് രണ്ടു യുവാക്കള്‍ പരിസരത്ത് ഏറെ നേരം നില്‍ക്കുന്നതായി കണ്ടത്. ഇവരെ നേരത്തേയും വീട്ടുപരിസരത്ത് വച്ചു കണ്ടിരുന്നതായി പറയുന്നു. ഒടുവില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ അറസ്റ്റിലായത്.