CrimeNEWS

കുടുംബ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാനെത്തി; മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് തെലുങ്ക് താരം

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ കുടുംബത്തിലെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ് കുടുംബ വഴക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ ബാബുവിന്റെ ജല്‍പള്ളിയിലെ വീട്ടില്‍ ചൊവ്വാഴ്ച ഇളയ മകന്‍ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ പരിസരം നോക്കാതെ തന്റെ ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് പ്രാദേശിക ടിവി ചാനലുകളുടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും താരം മര്‍ദിച്ചു. സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. മൈക്ക് പിടിച്ചെടുത്ത് മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു. റിപ്പോര്‍ട്ടറെ ഉടന്‍ തന്നെ ഷംഷാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോള്‍ സൈഗോമാറ്റിക് (കവിളില്‍) എല്ലിന് മൂന്നിടത്ത് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Signature-ad

നടനും നിര്‍മാതാവുമായ മഞ്ചു മനോജ് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സുരക്ഷ ഏജന്‍സിയുടെ ആളുകള്‍ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എസിപിയടക്കമുള്ള ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്തുണ്ടായിട്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. മനോജും അനുയായികളും ഗേറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മൗനം പാലിച്ചു. മോഹന്‍ബാബു മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചപ്പോഴും പൊലീസ് അനങ്ങിയില്ല. ”മനോജ് പറഞ്ഞതുപ്രകാരമാണ് ഞങ്ങള്‍ അവിടെയത്തിയത്. അവിടേക്ക് പ്രവേശിച്ചപ്പോള്‍ മോഹന്‍ ബാബുവും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. മോഹന്‍ ബാബു ആദ്യം കൈകൂപ്പി ഞങ്ങളെ അഭിവാദ്യം ചെയ്‌തെങ്കിലും ഉടന്‍ തന്നെ റിപ്പോര്‍ട്ടറുടെ കയ്യില്‍ നിന്ന് മൈക്ക് എടുത്ത് മര്‍ദിച്ചു. സെക്യൂരിറ്റി ജീവനക്കാരും ഞങ്ങളെ വടികൊണ്ട് അടിക്കുകയും ഓടിക്കുകയും ചെയ്തു,” മറ്റൊരു ടിവി ചാനലിലെ റിപ്പോര്‍ട്ടര്‍ വിശദീകരിച്ചു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും മൈക്കുകളും സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടു.

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരമാണ് മോഹന്‍ ബാബു. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലിയുള്ള കുടുംബ വഴക്ക് കുറച്ചുകാലമായി പുകയുകയായിരുന്നു. ഞായറാഴ്ച മോഹന്‍ ബാബുവും കൂട്ടരും ചേര്‍ന്ന് മര്‍ദിച്ചെന്ന് ആരോപിച്ച് മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അത് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ബാബുവിന് മൂന്ന് മക്കളാണ് – മഞ്ചു വിഷ്ണു, മഞ്ചു ലക്ഷ്മി, മഞ്ചു മനോജ്. മഞ്ചു വിഷ്ണുവും മഞ്ചു ലക്ഷ്മിയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ വിദ്യാദേവിയുടെ മക്കളാണ്. വിദ്യാദേവിയുടെ ഇളയ സഹോദരി നിര്‍മലാ ദേവിയില്‍ ജനിച്ച മകനാണ് മഞ്ചു മനോജ്. വിദ്യയുടെ മരണശേഷമാണ് മോഹന്‍ നിര്‍മലയെ വിവാഹം കഴിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് പൊലീസ് ആസ്ഥാനത്ത് അഡീഷണല്‍ ഡിജിപി: മഹേഷ് ഭഗവതിനെ കണ്ടതിന് ശേഷം മനോജും ഭാര്യ മൗനിക റെഡ്ഡിയും വീട്ടിലേക്ക് മടങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. മോഹന്‍ ബാബുവില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ദമ്പതികള്‍ പരാതിപ്പെടുകയും തിങ്കളാഴ്ച പഹാഡി ഷെരീഫ് പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: