NEWS

എസ്.പി.ബിയുടെ നില അതീവഗുരുതരം; മെഴുകുതിരി കത്തിച്ചും പാട്ടുകള്‍ വെച്ചും പ്രാര്‍ത്ഥനയോടെ തമിഴകം

കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഈ സമയം ഗായകന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥനയുമായി തമിഴകം. പ്രാര്‍ത്ഥനയോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകളുമായി വീടുകളിലും തെരുവുകളിലും ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍.

കമല്‍ഹാസന്‍ , രജനികാന്ത്, എ.ആര്‍. റഹ്മാന്‍, തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായി എസ്.പി.ബി ചികിത്സയില്‍ കഴിയുന്ന എം.ജി.എം ആശുപത്രിക്ക് മുന്നില്‍ അഞ്ഞൂറില്‍പരം ആളുകളാണ് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചത്.

Signature-ad

പ്രധാന ജംഗ്ഷനുകളിലും ഹോട്ടലുകളിലും എന്തിന് റേഡിയോയില്‍ പോലും അദ്ദേഹത്തിന്റെ പാട്ടുകളാണ് കേട്ടത്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്. എസ്.പി.ബി പറയുന്നു.

ഓഗസ്റ്റ് 13 വരെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമായതും അദ്ദേഹത്തെ ഐ.സിയു വിലേക്ക് മാറ്റിയതും.

Back to top button
error: