ബെംഗളൂരു: ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കു വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണു വിവരം.
പരിശോധനയില്‍ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കര്‍ണാടക വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം, ചൈനയില്‍ വ്യാപകമായ എച്ച്എംപിവിയുടെ അതേ വര്‍ഗത്തില്‍പ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല. എച്ച്എംപിവിയെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കണം. ചുമയോ പനിയോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടര്‍ന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണു വിവരം. ഫ്‌ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.