കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു പകൽക്കൊള്ള, തിരുവനന്തപുരം വിമാനത്താവള വില്പനക്ക് കൂട്ടുനിന്ന കേരളത്തിലെ ബിജെപി നേതാക്കൾ മാപ്പ് പറയണമെന്ന് തോമസ് ഐസക്
തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. തിരുവനന്തപുരം വിമാനത്താവളം കോവിഡിന്റെ മറവിൽ വിൽക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ കൂട്ടുനിന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് –
കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള. തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്ക് കേന്ദ്രം കൈമാറി. 365 ഏക്കർ ഭൂമിയിൽ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നൽകി അദാനി ഗ്രൂപ്പ് 50 വർഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്.
ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിർത്താൻ കേരള സർക്കാർ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാക്കു നൽകിയതുമാണ്. ടെൻഡർ വിളിച്ചപ്പോൾ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മൾ പറഞ്ഞത് 138 രൂപ. അദാനി പറഞ്ഞ തുക തന്നെ കേരളവും നൽകാമെന്ന് സമ്മതിച്ചു. ആ നിർദ്ദേശം തങ്ങൾക്കും സ്വീകാര്യമാണെന്ന് കേന്ദ്രസർക്കാരും അംഗീകരിച്ചു. അങ്ങനെയാണ് സ്വകാര്യസംരംഭകർക്ക് കൈമാറിയ ആദ്യവിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെടാതെ പോയത്.
ഇപ്പോഴിതാ, അപ്രതീക്ഷിതമായി തീരുമാനം വന്നിരിക്കുന്നു. കരാർ അദാനിയ്ക്കു തന്നെ. ആളൊന്നിന് 168 രൂപ പാട്ടം നൽകി 50 വർഷത്തേയ്ക്ക് അദാനി വിമാനത്താവളം കൈയടക്കി വെയ്ക്കും. നമ്മുടെ ഭൂമിയിൽ നാം പണിത പൊതുസ്വത്ത് കൊള്ളലാഭത്തിന് ബിജെപിയുടെ തോഴന്. തുച്ഛമായ മുതൽമുടക്കിൽ എത്ര ഭീമമായ ലാഭമാണ് അദാനി സ്വന്തമാക്കാൻ പോകുന്നത്? അതിന്റെ വലിപ്പം മനസിലാകണമെങ്കിൽ കൊച്ചി എയർപോർട്ടിനെ താരതമ്യം ചെയ്താൽ മതി. 380 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. തിരുവനന്തപുരത്ത് ഈ പ്രതിസന്ധിക്കിടയിലും 170 കോടി രൂപയാണ് ലാഭം. ജനങ്ങളുടെ നികുതികൊണ്ട് കെട്ടിയുയർത്തിയ ഈ സംരംഭം ഒരു മുതൽമുടക്കുമില്ലാതെ യാത്രക്കാരൻ ഒന്നിന് 168 രൂപ നിരക്കിൽ 50 വർഷത്തെ കൊള്ളലാഭം കൈയടക്കാൻ അദാനിയെ ഏൽപ്പിച്ചിരിക്കുകയാണ്.
ആരെങ്കിലും പണിയെടുക്കുന്ന വിള കൊയ്യാൻ സ്വന്തം ശിങ്കിടികളെ ഏൽപ്പിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഇതുപോലൊരു വഞ്ചനയ്ക്ക് കൂട്ടു നിന്നതിന് കേരളത്തിലെ ബിജെപി നേതാക്കൾ മാപ്പു പറയണം. നമ്മുടെ പൊതുസ്ഥാപനങ്ങൾ ഇതുപോലെ വിറ്റു തുലയ്ക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രിയും നാക്കിറങ്ങിയ സ്ഥിതിയാണ്.
കോൺഗ്രസ് തുടങ്ങിവെച്ച വിറ്റു തുലയ്ക്കൽ കൂടുതൽ വ്യാപിപ്പിക്കുകയാണ് ബിജെപി. പൊതുസ്വത്തെല്ലാം കോർപറേറ്റുകൾക്ക്. അതുവഴി രാജ്യഭരണത്തിന്റെ കടിഞ്ഞാൺ തന്നെയാണവർ കൈപ്പിടിയിലാക്കുന്നത്. രാജ്യത്തിനുണ്ടാകുന്ന പ്രത്യാഘാതമോ? നിയമനാധികാരം കോർപറേറ്റുകൾക്കാകുന്നതോടെ സംവരണവും മറ്റും പരിഗണിക്കാത്ത അവസ്ഥ വരും. സ്ഥിരം തൊഴിൽ എന്ന സങ്കൽപമേ ഇല്ലാതാകും.
രാജ്യം തന്നെ അതിസമ്പന്നർക്ക് പതിച്ചുനൽകി കമ്മിഷൻ പറ്റുന്നതിനാണ് ഭരണാധികാരം ബിജെപി ഉപയോഗിക്കുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അവർ രാജ്യത്തോട് കണക്കു പറയേണ്ടി വരും. ഇത്തരം കച്ചവടങ്ങളിൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. ജെയ്പൂർ, മാംഗ്ലൂർ വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ രണ്ടിടത്തേയും കോൺഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. ചെറുത്തുനിൽപ്പുണ്ടായത് കേരളത്തിൽ നിന്ന് മാത്രമാണ്. ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തിലുയരണം. ഈ പകൽക്കൊള്ളയ്ക്ക് മൗനാനുവാദം നൽകിയ കോൺഗ്രസും അവരുടെ എംപിമാരും ജനങ്ങളോട് മറുപടി പറയണം. കേരളത്തിന്റെ അഭിമാനമായ വിമാനത്താവളത്തിന്റെ വിൽപനയ്ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷൻ തുകയോർത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്ക്കെതിരെയും പ്രതിഷേധമുയരണം.