NEWS

റഷ്യ കോവിഡ് വാക്സിൻ ഏപ്രിലിൽ തന്നെ പരീക്ഷിച്ചു ,ലോകരാജ്യങ്ങളെ ഞെട്ടിച്ച് വെളിപ്പെടുത്തൽ

കോവിഡ് വാക്സിൻ സ്‌പുട്ണിക് ഫൈവ് റഷ്യൻ സർക്കാർ അംഗീകരിച്ചത് ലോകത്താകമാനമുള്ള നിരവധി വൈറോളജിസ്റ്റുകളെ അമ്പരപ്പിച്ചിട്ടുണ്ട് .കൃത്യമായ പരീക്ഷണ സമയക്രമം റഷ്യൻ ശാസ്ത്രജ്ഞന്മാർ പാലിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം .

സമയം വെട്ടിച്ചുരുക്കി തങ്ങളിൽ തന്നെ പരീക്ഷിച്ച് ഇപ്പോൾ വ്യാപകമായി വാക്സിൻ കുത്തിവെക്കാനൊരുങ്ങുകയാണ് റഷ്യൻ ശാസ്ത്രജ്ഞന്മാർ .ഇതാണ് റഷ്യൻ സംരംഭത്തെ ലോകം നെറ്റിചുളിച്ച് നോക്കാൻ കാരണം .

എന്നാൽ സോവിയറ്റ് യൂണിയൻ കാലം മുതൽ റഷ്യയെ ഉറ്റുനോക്കുന്നവർക്ക് ഇതൊരു അത്ഭുതമല്ല .തങ്ങളിൽ തന്നെയോ പരസ്പരമോ സ്വന്തം കുഞ്ഞുങ്ങളിലോ പരീക്ഷണം നടത്താൻ മടിയില്ലാത്തവർ ആണ് റഷ്യൻ ശാസ്ത്രലോകം എന്നതാണ് ചരിത്രം .പ്രസിഡണ്ട് വ്ലാദിമിർ പുടിൻ പോലും സ്വന്തം മകളിൽ പരീക്ഷിച്ചു എന്നാണ് പറഞ്ഞത് .

യഥാർത്ഥത്തിൽ മനുഷ്യ പരീക്ഷണ ജീവിയായി സ്വയം മാറാൻ സന്നദ്ധരായ നിരവധി പേർ ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നതാണ് വാസ്തവം .ചിലർക്ക് മാരകമായ പാർശ്വ ഫലങ്ങൾ ഉണ്ടായിട്ടുണ്ട് താനും .പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ മെഡിക്കൽ പരീക്ഷണ രംഗങ്ങളിൽ റഷ്യക്ക് വേഗം കൂടുതലാണ് .

ഏപ്രിൽ ആദ്യത്തിൽ തന്നെ അലക്സാണ്ടർ ജിൻബർഗും 100 വിദ്യാർത്ഥികളും കോവിഡ് വാക്സിൻ പരീക്ഷിച്ചിരുന്നു .കുരങ്ങുകളിൽ പരീക്ഷണം നടത്തുന്നതിനും മുമ്പായിരുന്നു അത് .68 കാരൻ ആയ മൈക്രോബയോളജിസ്റ്റ് അലക്സാണ്ടർ ജിൻബർഗ് സർക്കാരിന്റെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആണ് .പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചത് .

വാക്സിൻ കുത്തിവെക്കുന്നതിൽ പരിഭ്രമിക്കേണ്ടതില്ല എന്നാണ് അലക്സാണ്ടർ ജിൻബർഗ് ആണയിടുന്നത് .കാരണം മാസങ്ങൾക്ക് മുൻപ് തന്നെ അവർ സ്വയം ശരീരത്തിൽ കുത്തിവച്ച് പരീക്ഷിച്ചിരുന്നു .തങ്ങൾ ഇപ്പോഴും ആരോഗ്യവാന്മാർ ആണെന്നാണ് അലക്സാണ്ടർ ജിൻബർ പറയുന്നത് .

റഷ്യയുടെ പോളിയോ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത് 1950 ലാണ് .ചുമയ്ക്കോവ് ആയിരുന്നു ഡയറക്ടർ .അതേസമയം ഡോ .ആൽബർട്ട് സാബിൻ അമേരിയ്ക്കയിൽ പോളിയോ ഗവേഷണം നടത്തുകയായിരുന്നു .എന്നാൽ ആക്റ്റീവ് പോളിയോ വൈറസുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ അമേരിക്ക ആൽബർട്ടിനെ അനുവദിച്ചില്ല .1955 ൽ സാബിൻ തന്റെ കണ്ടുപിടുത്ത രഹസ്യങ്ങൾ ചുമയ്ക്കോവിനു നൽകുന്നു.1959 ൽ ചുമയ്ക്കോവും വൊറോഷിലോവയും വാക്സിൻ തങ്ങളുടെ ശരീരത്തിൽ തന്നെ പരീക്ഷിച്ചു .എന്നാൽ കുഞ്ഞുങ്ങളിൽ പരീക്ഷിക്കേണ്ട ആവശ്യം ഉണ്ടായിരുന്നതിനാൽ തങ്ങളുടെ മൂന്ന് ആണ്മക്കൾക്കും ബന്ധുക്കളുടെ കുഞ്ഞുങ്ങൾക്കും വാക്സിൻ കുത്തിവച്ചു .

“ഈ പരീക്ഷണം ആണ് ലോകത്താകമാനം ഉപയോഗിക്കുന്ന പോളിയോ വൈറസിന്റെ വ്യാവസായിക ഉത്പാദനത്തിനു നിധാനമായത് .”ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു .ചുമയ്ക്കോവ് – വൊറോഷിലോവ ദമ്പതിമാരുടെ മൂന്ന് മക്കളും ഇന്ന് വൈറോളജിസ്റ്റുകൾ ആണ് .മാതാപിതാക്കളുടെ ശൈലി തന്നെയാണ് വളർന്നു വലുതായി വൈറോളജിസ്റ്റുകൾ ആയ മക്കളും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നത് .

“ആരെങ്കിലും ആദ്യം തയ്യാറാവണം .എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല .അങ്ങിനെ ഒരു പിതാവ് ഉണ്ടായതിൽ അഭിമാനം തോന്നി .ഭയമില്ലായിരുന്നു .സ്വന്തം കുഞ്ഞുങ്ങളെ അദ്ദേഹം ചതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.”ഡോ .പീറ്റർ ചുമയ്ക്കോവ് ഒരു അഭിമുഖത്തിൽ പറഞ്ഞു .

ഇളയ മകൻ ഡോ കൊണസ്റ്റന്റൈൻ ചുമയ്ക്കോവും ഇത് ശരി വക്കുന്നു ,”അപ്പോൾ അതായിരുന്നു ശരി .ഇപ്പോൾ ആണെങ്കിൽ നിങ്ങളോട് ചോദിക്കും എത്തിക്സ് കമ്മിറ്റിയുടെ അനുമതി കിട്ടിയിരുന്നോ എന്ന്.”ഡോ കൊണസ്റ്റന്റൈൻ ചുമയ്ക്കോവ് പറഞ്ഞു .

ഇതാണ് റഷ്യയുടെ പാരമ്പര്യം .എന്നാൽ ഈ പാരമ്പര്യത്തെ പാശ്ചാത്യ ലോകം അപ്പടി തള്ളിക്കളയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: