TRENDING

ദാവൂദിനെയും ഹാജി മസ്താനെയും വിറപ്പിച്ച ജനാഭായി -മുംബൈ അധോലോക റാണിമാരെ കുറിച്ച് പരമ്പര -1

ദാവൂദ് ഇബ്രാഹിം ഇന്ന് ലോക തീവ്രവാദ ഭൂപടത്തിൽ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയാണ് .എന്നാൽ ദാവൂദ് ഇബ്രാഹിമിനെയും ദാവൂദിന്റെ അധോലോക ഗുരു ഹാജി മസ്താനെയും തന്റെ വിരലുകൾക്കനുസരിച്ച് ചലിപ്പിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു ബോംബെ അധോലോകത്ത് ,പേര് ജനാഭായി ദാരൂവാല .

1920 കളുടെ തുടക്കത്തിൽ ഡോംഗ്രിയിലാണ് സൈനബ് എന്ന ജനാഭായിയുടെ ജനനം .1930 കളിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ജനാഭായി ചേർന്ന് പ്രവർത്തിച്ചിരുന്നുവത്രെ .പതിനാലാം വയസിൽ ജനാഭായിയെ വിവാഹം കഴിപ്പിച്ചു .1947 ലെ വിഭജന കാലത്ത് ജനാഭായി രാജ്യം വിടാൻ തയ്യാറായില്ല .ക്രുദ്ധനായ ഭർത്താവ് ജനാഭായിയെയും അഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയി .

Signature-ad

സ്വാതന്ത്ര്യത്തിനു ശേഷം ബോംബെയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി .പാവങ്ങൾക്ക് റേഷൻ വഴി അരിവിതരണം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചു .അഞ്ചു കുഞ്ഞുങ്ങളെ പോറ്റാൻ ജനാഭായി അരി വാങ്ങി മറിച്ചു വിൽക്കൽ ആരംഭിച്ചു .ഈ ഘട്ടത്തിൽ ജനാഭായി കള്ളക്കടത്തുകാരുമായി ബന്ധപ്പെടാൻ തുടങ്ങി .പിന്നാലെ വ്യാജ വാറ്റ് കേന്ദ്രം ആരംഭിച്ചു .അങ്ങിനെ ജനാഭായി ദാരുവാല ആയി .

മദ്യക്കച്ചവടം പൊടിപൊടിച്ചപ്പോൾ ജനാഭായി പോലീസുകാരുമായി അടുത്ത സൗഹൃദത്തിൽ ആയി .പക്ഷെ 1962 ൽ ജനാഭായിയുടെ വ്യാജ മദ്യ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടന്നു .ജനാഭായി അഴിക്കുള്ളിൽ ആയി .എന്നാൽ ഏറെക്കാലം ജനാഭായിക്കു ഉള്ളിൽ കിടക്കേണ്ടി വന്നില്ല .രാഷ്ട്രീയ ഇടപെടലുകളാൽ അവർ പുറത്തിറങ്ങി .അന്നത്തെ മുഖ്യമന്ത്രി യശ്വന്ത് റാവു ചവാൻ ആണ് ജനാഭായിയെ രക്ഷിച്ചത് എന്നായിരുന്നു അധോലോക കേന്ദ്രങ്ങളിലെ അന്നത്തെ കഥ .

പക്ഷെ ജയിലിൽ നിന്ന് ഇറങ്ങുമ്പോഴക്കും ജനാഭായി പോലീസിന്റെ ഒറ്റുകാരി ആയിക്കഴിഞ്ഞിരുന്നു .കള്ളക്കടത്തിനെ കുറിച്ച് ജനാഭായിനൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പോലീസ് റെയ്ഡ് നടത്തി.ജനാഭായിക്കു 10 ശതമാനം കമ്മീഷനും .

20 വയസുള്ളപ്പോൾ ആണ് ദാവൂദ് ജനാഭായിയെ പരിചയപ്പെടുന്നത് .ദാവൂദിന്റെ പോലീസുകാരൻ ആയ അച്ഛനെ ജനാഭായിക്കു പരിചയം ഉണ്ടായിരുന്നു .ദാവൂദിന്റെ അധോലോക ഗുരു മിർസാ ഹാജി മസ്താൻ ജനാഭായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ,അങ്ങിനെ ദാവൂദും ജനാഭായിയുടെ ഉപദേശമാണ് സ്വീകരിക്കാൻ തുടങ്ങി .ജനാഭായിയുടെ ഈണങ്ങൾക്കൊത്ത് ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും ചുവട് വെക്കാറുണ്ടായിരുന്നുവത്രെ .

1990 കളുടെ മദ്ധ്യം വരെ ഡോംഗ്രി കുപ്രശസ്തമായ സ്ഥലം തന്നെ ആയിരുന്നു .ദാവൂദ് അധോലോകനായകനായി വളർന്നു ,ദാവൂദിന്റെ വളർച്ച ജനാഭായിയുമായി ബന്ധത്തിന്റെ അകലം കൂട്ടി ..

ജനാഭായിയുടെ മൂത്ത മകൻ അധോലകത്തിന്റെ പാതയിൽ തന്നെ ആയിരുന്നു .എന്നാൽ പിന്നീട് വെടിയേറ്റ് മരിച്ചു .അപ്പോഴേക്കും ജനാഭായി ആത്മീയതയുടെ പാതയിൽ ആയിരുന്നു .മകന്റെ കൊലപാതകികളോട് അവർ ക്ഷമിക്കുകയും ഉണ്ടായി .

1993 ലെ മുംബൈ സ്ഫോടന പരമ്പര ജനാഭായിയെ വല്ലാതെ തളർത്തിയെന്നാണ് അവരോടു അടുത്ത വൃത്തങ്ങൾ പറഞ്ഞത് .ആ സംഭവത്തിനു ശേഷം ജനാഭായി രോഗങ്ങൾക്ക് കീഴടങ്ങി .അധികം താമസിയാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .

Back to top button
error: