KeralaNEWS

കൊരട്ടിയിൽ വിടർന്ന വസന്തം, പഞ്ചായത്തിലെ വികസന മാതൃക പഠിക്കാന്‍ തമിഴ്‌നാട് സംഘം

തൃശൂര്‍ ജില്ലയിലെ കൊരട്ടി പഞ്ചായത്തിലെ വികസന മാതൃകകള്‍ പഠിക്കാന്‍ തമിഴ്‌നാട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. തമിഴ്‌നാട്ടിലെ 37 ജില്ലകളില്‍ നിന്നുള്ള  പഞ്ചായത്തുകളിലെ  പ്രസിഡന്റുമാരുടെ സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഗ്രീന്‍ കൊരട്ടി- കെയര്‍ കൊരട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിവിധ തലങ്ങള്‍ സംഘം മനസിലാക്കി.

മികച്ച പദ്ധതികളായ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, ടേക്ക് എ ബ്രേക്ക്, ജലസംരക്ഷണം, ഗ്യാസ് ക്രിമിറ്റോറിയം, ഹൈടെക്ക് അങ്കണവാടി, കൊരട്ടി പഞ്ചായത്ത് സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ജലസംഭരണ കുളങ്ങള്‍, സോളാര്‍ സംവിധാനം തുടങ്ങിയവ സംഘം വിലയിരുത്തി. കൊരട്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന ഇ-അസറ്റ് പദ്ധതി, എല്ലാ വീടുകളില്‍ നിന്നും ഓരോ അംഗങ്ങളെ പ്രത്യേകിച്ച് വയോജനങ്ങളെ ഇ-ഗവേണന്‍സ് സേവനങ്ങള്‍ വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുന്ന പദ്ധതി എന്നിവയും സംഘം പഠന വിധേയമാക്കി.

Signature-ad

തമിഴ്‌നാട് പഞ്ചായത്ത് അഡിഷ്ണല്‍ ഡയറക്ടര്‍ എന്‍ എ മധുമിത, കെ എസ് സൂര്യപ്രിയ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ താര്‍ മലിംഗം എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ ആര്‍ സുമേഷ്, നൈനു റിച്ചു, കുമാരി ബാലന്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍  സെക്രട്ടറി എന്‍ കെ ജ്യോതിഷ്‌കുമാര്‍, കില ഫാക്കല്‍റ്റി അംഗം കെ ഐശ്യര്യ തുടങ്ങിയവര്‍   സംഘത്തെ സ്വീകരിച്ചു.

Back to top button
error: