NEWS

ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്തിയേയുംചെറുക്കാന്‍ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും: മൈക്ക്​ പോംപിയോ

ന്യൂഡല്‍ഹി: ചൈന ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യയും യു.എസും ഒരുമിച്ച് ചേര്‍ന്ന് നേരിടണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ചൈനീസ് നടപടികളെ ചെറുത്ത് തോല്‍പിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും പോംപിയോ പറഞ്ഞു.

Signature-ad

പ്രതിരോധ സെക്രട്ടറി മാര്‍ക്ക്.ടി.എസ്പറിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചയ്ക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യയുടെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്തിയേയും ചെറുത്ത് തോല്‍പിക്കാന്‍ യു.എസ് ഒപ്പമുണ്ടാവുമെന്നും പോംപിയോ പറഞ്ഞു.

അതേസമയം, യുഎസ് സൈനിക ഉപഗ്രഹങ്ങളില്‍നിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കല്‍ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ അഗ്രിമെന്റ് രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്.

പ്രതിരോധരംഗത്തും സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറും ഇന്ത്യ സന്ദര്‍ശനം നടത്തിയത്. ഇരുവരും ഡല്‍ഹിയിലെ യുദ്ധ സ്മാരകവും സന്ദര്‍ശിച്ചിരുന്നു.

Back to top button
error: