‘കൊറോണില്‍’ നിന്ന് കോടികള്‍ കൊയ്ത് പതജ്ഞലി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പതജ്ഞലി കോവിഡ് ഭേദമാക്കുന്ന കൊറോണില്‍ എന്ന ആയുര്‍വേദ മരുന്നുമായി രംഗത്ത് വന്നത്. ഏഴ് ദിവസത്തിനകം കോവിഡ് ഭേദമാക്കുന്ന സിദ്ധൗഷധമെന്ന പരസ്യത്തോടെ അവതരിപ്പിച്ച മരുന്ന്
കോടിക്കണക്കിന് രൂപയ്ക്ക് വിറ്റഴിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ജൂണ്‍ 23ന് പുറത്തിറക്കിയ മരുന്ന് നാല് മാസംകൊണ്ട് 241 കോടി രൂപയാണ് വിപണിയില്‍ നിന്ന് കൊയ്തത്. മരുന്നിന്റെ 85 ലക്ഷം പാക്കറ്റുകളാണ് രാജ്യത്തുടനീളം വിറ്റഴിഞ്ഞത്.
ശരിയായ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയുടെ അഭാവത്തില്‍ ചുമ, പനി എന്നിവ മാറ്റാമെന്ന അവകാശവാദത്തോടെയാണ് മരുന്ന് വിപണിയിലെത്തിയത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പറഞ്ഞിരുന്നു. മരുന്ന് പുറത്തിറക്കിയ സമയത്ത് കോവിഡ് രോഗശാന്തി നല്‍കുന്ന ഉല്‍പ്പന്നം എന്ന് പരസ്യം ചെയ്യുന്നത് നിര്‍ത്താന്‍ ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ഉത്തരവിട്ടിരുന്നു. അപ്പോഴാണ് ചുമ, പനി, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള ഉല്‍പ്പന്നമാണെന്ന അവകാശവാദം കമ്പനി ഉന്നയിച്ചത്.
നിലവില്‍ ഇത് ‘കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ്’ ആയാണ് രാജ്യത്ത് വില്‍ക്കുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് വികസിപ്പിച്ചത്. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില.
ഒക്ടോബര്‍ 18 നും ജൂണ്‍ 23 നും ഇടയില്‍ മൊത്തം 23.54 ലക്ഷം കൊറോണില്‍ കിറ്റുകള്‍ വിറ്റതായി കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.