ന്യൂയോര്‍ക്ക്: വിമാനത്തില്‍ അസഭ്യവര്‍ഷം ചൊരിയുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വളര്‍ത്തു നായയെ അവരുടെ സമീപത്തു നിന്നും മാറ്റിയതിനാണ് യുവതി വിമാനത്തിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത്. അറ്റ്‌ലാന്റയില്‍നിന്ന് ന്യൂയോര്‍ക്കിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.
വളര്‍ത്തു നായയുമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്. വീഡിയോയിലുടനീളം വിമാനത്തിലെ സഹയാത്രികരെയും ക്രൂ അംഗങ്ങളെയും യുവതി ചീത്തവിളിക്കുന്നുണ്ട്. കൈയിലുണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി ഒരാളുടെ ദേഹത്തേയ്ക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം.
തൊട്ടടുത്തിരുന്ന് ഫോണില്‍ നോക്കിയിരിക്കുന്ന ഒരു യാത്രക്കാരനോട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെയും യുവതി ചീത്ത വിളിക്കുന്നുണ്ട്. വളര്‍ത്തു നായയെ മടിയിലിരുത്താന്‍ അനുവദിക്കാത്തതിനാല്‍ തന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകിയെന്നും യുവതി ആരോപിക്കുന്നു. തുടര്‍ന്ന് വിമാനത്തില്‍നിന്ന് യുവതിയെ പുറത്താക്കി.
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തു.