IndiaNEWS

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. മാവോയിസ്റ്റ് കേസില്‍ പ്രഫ. ജി.എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് വിധി പ്രഖ്യാപിക്കവെയാണ് സുപ്രീംകോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഭീകരവാദം അല്ലെങ്കില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടല്‍ മാത്രമല്ല പിന്നില്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറുകളും അപകടകരമാണെന്നായിരുന്നു ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയത്. പൊതുവായുള്ള നീരീക്ഷണമാണിതെന്നും കോടതി പറഞ്ഞു. പോളിയോ ബാധിച്ച് 90 ശതമാനം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയാണ് പ്രഫ. സായിബാബയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടുതടങ്കലിലാക്കാമെന്നും സായിബാബയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ഇതിനെ എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അര്‍ബന്‍ നക്‌സലുകള്‍ ഇത്തരം ആവശ്യങ്ങള്‍ സ്ഥിരിമായി ഉന്നയിക്കാറുണ്ടെന്ന് വാദിച്ചു. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാം. കേസ് ഡിസംബര്‍ ഏട്ടിന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്താണ് ഹജറായത്.

ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലയ്ക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു അദ്ദേഹം. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോണ്‍ഫറന്‍സില്‍ ഇദ്ദേഹം പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തി എന്നുമായിരുന്നു സായിബാബയ്‌ക്കെതിരായ കേസ്. 2017 ല്‍ ഗഡ്ചിറോളിയിലെ പ്രത്യേക കോടതി സായിബാബയും മറ്റ് നാല് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, പോളിയോ ബാധിതനായി ഇരുകാലുകളും തളര്‍ന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുന്നയിച്ചു. അര്‍ബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. 2020 ല്‍ ഭീമകൊറഗാവ് കേസില്‍ അറസ്റ്റിലായ ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമി, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം 2021 ജൂലൈയാണ് മരിച്ചത്.

മാവോയിസ്റ്റ് കേസില്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സേറ്റ് ചെയ്തു. കേസിന്റെ വിശദാംശങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി കുറുക്കുവഴി സ്വീകരിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീലില്‍ കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. അഞ്ച് പ്രതികളെയും വെറുതെ വിട്ട വിധിയില്‍ വിശദപരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. സായിബാബയ്ക്കും സംഘത്തിനും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണ്, രാജ്യത്തിന് എതിരായ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയതെന്ന് കോടതി കുറ്റപ്പത്രത്തില്‍ ചൂണ്ടിക്കാട്ടി.

തെളിവുകള്‍ പരിഗണിച്ച് വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടുമ്പോള്‍ എല്ലാ വിശദാംശങ്ങളും ഹൈക്കോടതി പരിഗണിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് എം.ആര്‍.ഷാ, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു. നടപടിക്രമം പാലിക്കാതെ യു.എ.പി.എ ചുമത്തിയതിനാല്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്ക് സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. എന്നാല്‍, തെളിവുകള്‍ പ്രതികള്‍ക്കെതിരെയുള്ളപ്പോള്‍ ഹൈക്കോടതിക്ക് നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കാനാകുമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. രേഖകളിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചതിന് ശേഷം, അനുമതിയുടെ അടിസ്ഥാനത്തില്‍ ഒരു അപ്പീല്‍ കോടതിക്ക് പ്രതികളെ വെറുതെ വിടാന്‍ കഴിയുമോ എന്നത് വിശദമായ പരിഗണന ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

 

 

 

Back to top button
error: