ജീവിതത്തിന്റെ മധുരത്തില്‍ നിന്ന് സങ്കടങ്ങളുടെ കയ്പ്പിലേക്ക് ഒരു ഹണിമൂണ്‍ യാത്ര
മുംബൈ: ബന്ധു ഒരുക്കിയ ഹണ്മൂണ് യാത്ര ആഘോഷിക്കാന്‍ ഖത്തറിലേക്ക് പുറപ്പെട്ട ദമ്പതികള്‍ പോലീസ് പിടിയില്‍.
2019 ജൂലൈയിലാണ് ദമ്പതികളായ ഒനീബും ഷരീഖും മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹണിമൂണ്‍ ആഘോഷിക്കാന്‍ ഖത്തറിലേക്ക് പറന്നത്. എന്നാല്‍ ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ചെന്നിറങ്ങിയ ഉടന്‍ ഇരുവരും പോലീസിന്റെ പിടിയിലാവുകയായിരുന്നു. കാരണം അറിയാതെ ദമ്പതികള്‍ ഒരുനിമിഷം പകച്ചുനിന്നെങ്കിലും ദമ്പതികള്‍ക്ക് മുന്നിലേക്ക് അവരുടെ ബാഗില്‍ നിന്നും കണ്ടെത്തി. പൊതി പോലീസ് എടുത്തുവെച്ചു. നാല് കിലോഗ്രാം ഹാഷിഷായിരുന്നു അത്. പിന്നീട് വിമാനത്താവളത്തില്‍ നിന്നും ഇരുവരും ജയിലിലേക്ക്.
ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്ത ബന്ധു തന്രെ സുഹൃത്തിന് നല്കാന് ഏല്‍പ്പിച്ചതായിരുന്നു ആ പൊതി. മധുവിധു യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കാമെന്നായിരുന്നു ബന്ധുവിന്റെ വാഗ്ദാനം. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ഒനീബയുടെ ബന്ധു യാത്ര വാഗ്ദാനം ചെയ്തത്.
മയക്കുമരുന്ന് കടത്തിയ കേസില്‍ ഒനീബയ്ക്കും ഷരീഖിനും പത്ത് വര്‍ഷം തടവും ഒര കോടി രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്ക് ഫലമെന്നോണം മുംബൈ പോലീസും നാര്‍കോട്ടിക് സെല്ലും നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തി. ഒനീബയുടെ ബന്ധു ഇവരെ ചതിച്ചതാണെന്ന് എന്‍സിബി കണ്ടെത്തി. തുടര്‍ന്ന് ബന്ധു തബസ്സും കൂട്ടാളി നിസാംകാരയും പോലീസിന്റെ പിടിയിലായി. പിടിക്കുമ്പോള്‍ ഇവരുടെ കൈയ്യില്‍ നിന്നും 13 ഗ്രം കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി കണ്ടെത്തി.
അതേസമയം, ദമ്പതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ ഇരുവരുടേയും ജയില്മോചനത്തിനുളള വഴി തെളിഞ്ഞിരിക്കുകയാണ്. നയതന്ത്രമാര്‍ഗത്തിലൂടെ ഖത്തിറിനെ സമീപിക്കാനാണ് ഇനി എന്‍സിബിയുടെ തീരുമാനം.
‘എന്റെ മകള്‍ മാര്‍ച്ചില്‍ വിദേശത്തുവെച്ച് കുഞ്ഞിന് ജന്മം നല്കി. കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.’ ഒനീബയുടെ മാതാവ് പ്രവീണ്‍ പറഞ്ഞു. ഖത്തര്‍ എംബസിക്ക് നിരവധി കത്തുകള്‍ എഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ലെന്ന് പ്രവീണ്‍ വ്യക്തമാക്കി. എന്‍സിബിയും മുംബൈ പോലീസും നടത്തിയ അന്വേഷണത്തിലൂടെ ദമ്പതികളുടെ മോചനം ഉടന്‍ സാധ്യമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
2018 മേയിലായിരുന്നു ഇവരുടെ കല്യാണം. ഇരുവര്‍ക്കും 29 വയസായിരുന്നു. ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ ഹ്യോസുങ്ങിന്റെ അഡ്മിനിട്രേറ്റീവ് കണ്‍സള്‍ട്ടന്റായിരുന്നു ഷരീഖ്. അറസ്റ്റിന് തൊട്ടുമുന്‍പ് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹനായിരിക്കുകയായിരുന്നു ഷരീഖ്. മുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന ഒനിബ കല്യാണത്തോടെയാണ് ജോലി വിട്ടത്. കല്യാണത്തിനു പിന്നാലെ തന്നെ ബാങ്കോക്കില്‍ ഇവര്‍ ആദ്യ ഹണിമൂണ്‍ ആഘോഷിച്ചിരുന്നു. പിന്നീട് ബന്ധുവായ ആന്റിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ ഖത്തറിലേക്ക് പോവുകയായിരുന്നു.