ബാങ്കിൽ നിന്ന് 34 കോടി രൂപ തട്ടിയെടുക്കാന്‍ തനിക്ക് പ്രചോദനമായത് ‘മണി ഹീസ്റ്റ്’ എന്ന ലോകപ്രശസ്ത ക്രൈം ത്രില്ലര്‍ വെബ് സീരീസാണെന്ന് കേസില്‍ പിടിയിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജര്‍. മുംബൈ ഡോംബിവ്ലി എംഐഡിസിയിലെ ഐ.സി.ഐ.സി.ഐ ബാങ്ക് ലോക്കറില്‍ നിന്ന് 34 കോടി രൂപ മോഷണം പോയ കേസില്‍ അറസ്റ്റിലായ ക്യാഷ് കസ്റ്റോഡിയന്‍ സര്‍വിസ് മാനേജര്‍ അല്‍ത്താഫ് ഷെയ്ഖ് പൊലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഒരു വര്‍ഷം മുംപ് ‘മണി ഹീസ്റ്റ്’ ഓണ്‍ലൈന്‍ സീരീസ് കാണ്ടപ്പോഴാണ് മോഷണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. പിന്നീട് ആവശ്യമായ ഉപകരണങ്ങള്‍ ശേഖരിച്ച് പണം കവരാന്‍ പദ്ധതിയിട്ടു. ഇതിനിടെ, ബാങ്കിന്റെ സേഫ് റൂമിനോട് ചേര്‍ന്നുള്ള എ.സി അറ്റകുറ്റപ്പണി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഈ അവസരം പ്രതി മുതലെടുക്കുകയായിരുന്നു. ആദ്യം ബാങ്കിലെ സുരക്ഷാ സംവിധാനത്തിലെ പഴുതുകള്‍ പഠിച്ച പ്രതി, സേഫ്റൂമില് നിന്ന് പണം കവര്‍ന്ന ശേഷം എ.സി സ്ഥാപിച്ച ദ്വാരത്തിലൂടെ കെട്ടിടത്തിന് പിറകിലെ ടാര്‍പോളിന്‍ ഷീറ്റിലേക്ക് എറിയുകയായിരുന്നു.
ഇതിനുപിന്നാലെ, ബാങ്കിലെ സിസിടിവിയുടെ ഡിവിആര്‍ കാണാതായ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. അധികൃതര്‍ എത്തി പരിശോധനയുടെ ഭാഗമായി സേഫ് ഡിപ്പോസിറ്റുകളുടെ കണക്കെടുത്തപ്പോഴാണ് വന്‍ തുക മോഷണം പോയ കാര്യം തിരിച്ചറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അല്‍താഫ് തനിക്ക് പരിചയമുള്ള ഖുറേഷി, അഹമ്മദ് ഖാന്, അനുജ് ഗിരി എന്നിവരെ ഫോണില്‍ വിളിച്ച് അവര്‍ക്ക് മോഷണമുതലില്‍ നിന്ന് ഏകദേശം 12 കോടി രൂപ നല്കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. അവരുടെ പക്കല്‍ നിന്ന് 5 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ക്യാഷ് കസ്റ്റോഡിയന്‍ മാനേജര്‍ അല്‍ത്താഫ് ഷെയ്ഖിനെ പൂണെയില്‍ നിന്ന് പിടികൂടുന്നത്. നാലുപേരില്‍ നിന്നുമായി ഇതുവരെ 9 കോടിയോളം രൂപ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഷെയ്ഖിന്റെ സഹോദരി നിലോഫറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താനെ, നവി മുംബൈ പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.