കോൺഗ്രസ് അധ്യക്ഷ തിരഞ്ഞടുപ്പനുള്ള അന്തിമ പട്ടികയിൽ മല്ലികാർജുന ഖാർഗെയും ശശി തരൂരുമാണ് മത്സരരംഗത്തുള്ള സ്ഥാനാർഥികൾ.
ഒക്ടോബർ 17-ന് സംസ്ഥാന തലസ്ഥാനങ്ങളിൽ രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞടുപ്പ്. 19-ന് വോട്ടെണ്ണൽ നടക്കുമെന്നും എത്രയും വേഗം ഫലം പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
ഇതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു വേണ്ടി സമർപ്പിച്ച പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. ‘ഈ റേസ് അവസാനിക്കുംവരെ ഉണ്ടാകു’മെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ശശി തരൂർ വ്യക്തമാക്കി.
“കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കായി മത്സരിക്കാൻ സമർപ്പിച്ച പത്രിക ഞാൻ പിൻവലിക്കും എന്ന് ഡൽഹിയിലെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഒരുകാര്യം വ്യക്തമാക്കുന്നു, ഒരു ചാലഞ്ചിൽ നിന്നും ഞാൻ പിന്മാറില്ല, ജീവിതത്തിൽ ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. ഇത് പാർട്ടിക്ക് അകത്തുള്ള സൗഹൃദ മത്സരമാണ്. അവസാനം വരെ ഉണ്ടാകും…” തരൂർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. 17-ാം തീയതി തനിക്ക് വേണ്ടി വോട്ട് ചെയ്യാൻ വരണമെന്നും അദ്ദേഹം പറഞ്ഞു. #ThinkTomorrowThinkTharoor എന്ന ഹാഷ്ടാഗോടു കൂടിയാണ് തരൂർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
കാൽനൂറ്റാണ്ടിനുശേഷമാണ് കോൺഗ്രസിനെ നയിക്കാൻ നെഹ്രുകുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷനുണ്ടാകുന്നത്. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെയാണ് എൺപതുകാരനായ ഖാർഗെ രംഗത്തെത്തിയത്. വിമതശബ്ദമുയർത്തിയ ജി-23 നേതാക്കളായ ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, മുകുൾ വാസ്നിക്, അഖിലേഷ് പ്രസാദ് സിങ് എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പുവെച്ചിരുന്നു.
വിവിധ മേഖലകളിൽ നിന്നും ഖാർഗെക്ക് പിന്തുണയേറുന്നത് തരൂരിനെ അസംതൃപ്തനാക്കിയിട്ടുണ്ട്.