LIFEMovie

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരൻ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി അന്ന രാജൻ; ജീവനക്കാർ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ നടി പരാതി പിൻവലിച്ചു

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ടെലികോം കമ്പനിയുടെ ആലുവയിലുള്ള ഷോറൂമില്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഷോറൂമിന്‍റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പൊലീസിനെ അറിയിച്ചു.

എന്നാല്‍ ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് അന്ന. ജീവനക്കാരുടെ ഭാവി മുൻ നിർത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയെന്ന് അന്ന രാജന്‍ പ്രതികരിച്ചു.

Signature-ad

2017 ല്‍ പുറത്തെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജന്‍. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം തന്നെ അന്നയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്. വെളിപാടിന്‍റെ പുസ്‍തകം, ലോനപ്പന്‍റെ മാമോദീസ, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.

ആലുവ സ്വദേശിയായ അന്ന സിനിമയിലേക്ക് എത്തുന്നതിനു മുന്‍പ് നഴ്സിംഗ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്‍റെ ഓഡിഷന്‍ നടക്കുന്ന സമയത്ത് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ ശ്രദ്ധയില്‍ പെട്ടതാണ് അന്നയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്നയുടെ മുഖമുണ്ടായിരുന്ന ഒരു പരസ്യ ഹോര്‍ഡിംഗ് ആണ് വിജയ് ബാബു ശ്രദ്ധിച്ചത്. 86 പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്‍റണി വര്‍ഗീസ്, ടിറ്റോ വില്‍സണ്‍, അപ്പാനി ശരത്ത്, കിച്ചു ടെല്ലസ്, വിനീത് വിശ്വം തുടങ്ങി അന്നയ്ക്കൊപ്പം അന്ന് അരങ്ങേറ്റം കുറിച്ച നിരവധി താരങ്ങള്‍ മലയാള സിനിമയില്‍ പില്‍ക്കാലത്ത് ശ്രദ്ധ നേടി.

Back to top button
error: