IndiaNEWS

കാപ്പൻ ജയിലിലായിട്ട് രണ്ട് വർഷം; അവകാശ സംരക്ഷണ ദിനമായി ആചരിച്ച് പത്രപ്രവർത്തക യൂണിയൻ

ദില്ലി: ഹാത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മാധ്യമപ്രവവർത്തകനായ സിദ്ദിഖ്‌ കാപ്പനെ ഉത്തർപ്രദേശ് പൊലീസ് ജയിലിലടച്ചിട്ട് ഇന്ന് രണ്ട് വർഷം തികഞ്ഞു. ഈ ദിവസം മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണ ദിനമായി കേരള പത്രപ്രവർത്തക യൂണിയൻ ദില്ലി ഘടകം ആചരിച്ചു. സിദ്ദിഖ്‌ കാപ്പൻ രാജ്യദ്രോഹം നടത്തിയതിനു രണ്ട് വർഷമായിട്ടും തെളിവ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നു പരിപാടിയില്‍ പങ്കെടുത്ത് കെ യു ഡബ്ല്യു ജെ സംസ്ഥാന അധ്യക്ഷ എം വി വിനിത പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കേരള പത്രപ്രവർത്തക യൂണിയൻ സിദ്ദിഖിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്നും വിനിത പറഞ്ഞു.

ഭരണകൂടം എന്നത് രാഷ്ട്രമാണെന്നും ഭരണകൂടത്തെ വിമർശിക്കുന്നത് രാഷ്ട്രത്തെ വിമർശിക്കുന്നതിനു തുല്യമാണെന്ന അന്തരീക്ഷമാണ്‌ 2014 മുതൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ടെലഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞു. ഇത് തുറന്ന്കാട്ടി സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് ഏക പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖല ഉൾപ്പെടെ എല്ലാം കയ്യടക്കാമെന്ന ഹുങ്കിനേറ്റ തിരിച്ചടിയാണ് സിദ്ദിഖ്‌ കാപ്പന്‍റെ ജാമ്യഹർജിയിലെ സുപ്രീം കോടതി വിധിയെന്നു ദില്ലി യൂണിയൻ ഓഫ് ജേർണലിസ്റ്റ് സെക്രട്ടറി ഡോ. എ എം ജിഗീഷ് വിമർശിച്ചു. മാധ്യമ പ്രവർത്തകനായ സിദ്ദിഖ്‌ കാപ്പനെ പി എഫ് ഐ പ്രവർത്തകനായി ചിത്രീകരിക്കാനുള്ള കുടില നീക്കങ്ങളുടെ മുഖത്തേറ്റ അടികൂടിയാണ് യു എ പി എ കേസിലെ ജാമ്യാപേക്ഷയിലെ ഉത്തരവെന്നും സിദ്ദിഖ്‌ പ്രഥമ ദൃഷ്ട്യ ഉറപ്പിച്ചുള്ളതാണ് വിധിയെന്നും ജിഗീഷ് പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ട് വർഷത്തെ പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി സിദ്ദിഖ്‌ കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. കെ യു ഡബ്ല്യു ജെ ദില്ലി ഘടകം വൈസ് പ്രസിഡന്റ്‌ എം പ്രശാന്ത് അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ യൂണിയൻ ദില്ലി ഘടകം പ്രസിഡന്റ്‌ പ്രസൂൻ എസ്‌ കണ്ടത്ത്, സെക്രട്ടറി ഡി ധനസുമോദ്, സംസ്ഥാന സമിതി അംഗം രാജേഷ് കോയിക്കൽ, ഹരി വി നായർ എന്നിവർ സംസാരിച്ചു.

Back to top button
error: