നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മുകബിക ക്ഷേത്രം. അക്ഷര ദേവതയായ മൂകാംബിക സന്നിധിയിൽ ആദ്യക്ഷരം കുറിക്കാൻ ജനം കുട്ടമായി എത്തികൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പടെ ഭക്ത ജന സഹസ്രങ്ങൾ ഒഴുകി എത്തുന്നു. ഇന്ന് വിജയ ദശമിയിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.
മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ പുലർച്ചെ മുതൽ വലിയ തിരക്കായിരുന്നു. നവമിയും ദശമിയും തൊഴുതാൽ പുണ്യമേറെയാണെന്നാണ് വിശ്വാസം. നവരാത്രി കാലത്തെ ആദ്യ 8 ദിനരാത്രം യുദ്ധം ചെയ്തു മഹിഷാസുരനെ വധിച്ച ദുർഗ ദേവി വിജയാഹ്ലാദത്തോടെ ലക്ഷ്മി ഭാവത്തിൽ ദർശനം നൽകുന്നത് മഹാനവമി നാളിലാണ്.
ക്ഷേത്രം തന്ത്രി ഡോ രാമചന്ദ് അടികയുടെ കാർമികത്വത്തിൽ മഹാനവമി പൂജനടന്നു. തുടർന്ന് പഷ്പ രഥത്തിലേറിയ ദേവിയുടെ തേര് വലിയാണ്. വിശ്വാസികൾക്ക് ആത്മ സമർപ്പണത്തിന്റെ നിമിഷങ്ങയിരുന്നു അത്.
വിജയ ദശമിയുടെ ഭാഗമായുള്ള ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4മണിക്ക് ആരംഭിക്കും. കൊവിഡ് പിന്നിട്ടുള്ള ആദ്യ നവരാത്രി ഉത്സവത്തിന് നിയന്ത്രിക്കാവുന്നതിനും അപ്പുറം തിരക്കാണെന്ന് ക്ഷേത്രം ട്രസ്റ്റി ഡോ അതുൽ കുമാർ ഷെട്ടി പറഞ്ഞു.
ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ തിരൂർ തുഞ്ചൻപറമ്പ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാനൊരുങ്ങി. ഇന്ന് പുലർച്ചെയാണ് വിദ്യാരംഭച്ചടങ്ങുകൾ. കോവിഡ് ഭീതിയിൽ കഴിഞ്ഞ രണ്ടുവർഷം എഴുത്തിനിരുത്തില്ലായിരുന്നു. 2019-ൽ 3432 കുട്ടികളാണ് ഇവിടെ അവസാനമായി ഹരിശ്രീ കുറിച്ചത്.
കൃഷ്ണശിലാമണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരായ വഴുതക്കാട്ട് മുരളീധരൻ, പി.സി. സത്യനാരായണൻ, കെ. പ്രഭേഷ് പണിക്കർ എന്നിവർ അരിയിട്ട വെള്ളിത്തളികയിൽ കുട്ടികളുടെ ഇളംവിരൽത്തുമ്പുകൊണ്ടും പവിത്രമോതിരംകൊണ്ട് നാവിൻതുമ്പിലുമാണ് ആദ്യക്ഷരം കുറിക്കുക. സരസ്വതീമണ്ഡപത്തിൽ പ്രശസ്ത എഴുത്തുകാർ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും.
ബുധനാഴ്‌ച പുലർച്ചെ അഞ്ചിന് എഴുത്തിനിരുത്തു തുടങ്ങും. ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. മുൻകൂട്ടി ബുക്കിങ് ഇല്ല. വരിനിന്നുവേണം എഴുത്തിനിരുത്തുന്ന മണ്ഡപത്തിലെത്താൻ. ഹരിശ്രീ കുറിച്ച കുട്ടിക്ക് സാക്ഷ്യപത്രവും അക്ഷരമാലാകാർഡും നൽകും. കാഞ്ഞിരമരച്ചുവട്ടിലെ പഞ്ചാരമണലിലും ഹരിശ്രീ കുറിക്കാം. തുഞ്ചൻ സ്‌മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ ആരോഗ്യകാരണങ്ങളാൽ എഴുത്തിനിരുത്തില്ല.
രാവിലെ ഒൻപതരയ്ക്ക് കവികളുടെ വിദ്യാരംഭം തുടങ്ങും. 90 കവികൾ ഇതിനായി പേര് രജിസ്റ്റർചെയ്തിട്ടുണ്ട്.
ലഘുഭക്ഷണത്തിനായി തുഞ്ചൻപറമ്പിൽ കുടുംബശ്രീയുടെ അമൃതം കാന്റീനുമുണ്ട്.
തലസ്ഥാനത്തെ ക്ഷേത്രങ്ങൾ ബുധനാഴ്ചത്തെ വിദ്യാരംഭ ചടങ്ങുകൾക്കായി ഒരുങ്ങി.
പത്മനാഭസ്വാമിക്ഷേത്രം, കോട്ടയ്ക്കകം നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതിമണ്ഡപം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭം നടക്കും.
നഗരത്തിന് പുറത്ത് ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം തുടങ്ങി നിരവധിയിടങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും.