♦അലന്‍ വണ്ടാനത്ത്
ലിങ്കണ്‍: അമേരിക്കയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തെക്കുറിച്ച് ഐ ഫോണില്‍നിന്നാണ് മുന്നറിയിപ്പ് സന്ദേശം ലഭിച്ചെതന്ന് പോലീസ്. ആപ്പിളിന്റെ സുരക്ഷാ ഫീച്ചറായ ക്രാഷ് ഡിറ്റക്ഷന്‍ വഴി ലോകത്തുതന്നെ ആദ്യമായി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ച സന്ദര്‍ഭമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ ഫോണില്‍നിന്ന് കൃത്യമായി സന്ദേശം പോലീസില്‍ എത്തിയെങ്കിലും അപകടത്തില്‍പ്പെട്ട ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. 26 വയസുള്ള ഡ്രൈവര്‍, 21 വയസുള്ള യാത്രക്കാരന്‍, 23 വയസുള്ള ഒരാള്‍, 22 വയസുള്ള മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏക വനിതയായ 24കാരിലെ അതീഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച്ച പുലര്‍ച്ചെ 2.16ന് 911-ലേക്ക് അപകടത്തില്‍പ്പെട്ടവരുടെ ഐഫോണില്‍നിന്ന് നിന്ന് ഒരു റെക്കോഡഡ് കോള്‍ വന്നിരുന്നുതായി ആ കോളിനോട് പ്രതികരിച്ച ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചതായി ലിങ്കണ്‍ പോലീസ് വകുപ്പ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. ആ ഫോണിന്റെ ഉടമ ഗുരുതരമായ അപകടത്തില്‍പ്പെട്ടെന്നും ഫോണിനോട് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. കറുത്ത ഹോണ്ട അക്കോര്‍ഡ് കാറാണ് നെബ്രാസ്‌കയിലെ ലിങ്കണില്‍ അപകടത്തില്‍പ്പെട്ടത്. റോഡിന് കുറുകെ വന്ന് മരത്തിലിടിച്ച നിലയിലായിരുന്നു കാര്‍. അപകടം കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ഐഫോണ്‍ 14 ലോഞ്ച് ഇവന്റിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ആപ്പിളിന്റെ ഒരു സുരക്ഷാ ഫീച്ചറായിരുന്നു ക്രാഷ് ഡിറ്റക്ഷന്‍. വാഹനാപകടങ്ങള്‍ തിരിച്ചറിഞ്ഞ് ഐഫോണ്‍ യൂസര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഫീച്ചറെന്നായിരുന്നു അതിനെ വിശേഷിപ്പിച്ചിരുന്നത്. ഐഫോണിലെ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചിലെ ആക്സിലറോമീറ്റര്‍, ജൈറോസ്‌കോപ്പ് പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ക്രാഷ് ഡിറ്റക്ഷന്റെ മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അല്‍ഗോരിതങ്ങള്‍ പോലും മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെട്ടിരുന്നു. വാഹനം അപകടത്തില്‍പെട്ടാല്‍, അത് ഐഫോണ്‍ തിരിച്ചറിയുകയും നിങ്ങളുടെ കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതിനൊപ്പം അടിയന്തര സേവനങ്ങളിലേക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യും. ഐഫോണ്‍ 14 സീരീസിലെ എല്ലാ ഫോണുകള്‍ക്കും ഈ ഫീച്ചറിന്റെ പിന്തുണയുണ്ട്.
ടെക്‌റാക്‌സ് (TechRax) യൂട്യൂബ് ചാനല്‍ ഉടമയായ ടാറാസ് മക്‌സിമുക് ക്രാഷ് ഡിറ്റക്ഷന്‍ പരീക്ഷിച്ചിരുന്നു. ആപ്പിളിന്റെ അവകാശവാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍, ആര്‍ക്കെങ്കിലും അപകടം പറ്റുന്നതിനായി കാത്തിരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഐഫോണ്‍ 14 പ്രോ, ഒരു കാറിന്റെ സീറ്റില്‍ കെട്ടി വെച്ചുകൊണ്ട് റിമോട്ട് കണ്‍ട്രോളില്‍ പഴയ കാറുകളുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. മെര്‍ക്കുറി ഗ്രാന്‍ഡ് മാര്‍ക്വിസ് സെഡാന്റെ 2005 മോഡലായിരുന്നു ഇര. നാടകാന്ത്യം, ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പരീക്ഷണം വിജയിച്ചു.
അപകടം നടന്ന് ഏകദേശം 10 സെക്കന്‍ഡുകള്‍കൊണ്ട്, ഫോണ്‍ ഒരു SOS മോഡിലേക്ക് പ്രവേശിക്കുകയും അടിയന്തര സേവനങ്ങളുമായി ഫോണിനെ ബന്ധിപ്പിക്കുന്നതിന് മുമ്പായി 20 സെക്കന്‍ഡുള്ള കൗണ്ട്ഡൗണ്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അപകടത്തില്‍പെട്ടയാള്‍ ബോധരഹിതനാണെങ്കില്‍, ഫോണ്‍ ഒരു ശബ്ദസന്ദേശം എമര്‍ജന്‍സി സേവനങ്ങള്‍ക്ക് അയക്കും. നിങ്ങളുടെ ലൊക്കേഷനും പങ്കുവെയ്ക്കും. യൂട്യൂബര്‍ കാര്‍ ഉപയോഗിച്ച് രണ്ട് തവണ ക്രാഷ് ഡിറ്റക്ഷന്‍ പരീക്ഷിച്ചു. ഇരുതവണയും വിജയിക്കുകയും ചെയ്തു.