സാധാരണ മലയാളിയെപ്പോലെ മക്കളെ ഒരു പ്രൊഫഷണൽ കോഴ്സ് പഠിപ്പിച്ച് മികച്ച ജോലി നേടി അവരുടെ ജീവിതം സുരക്ഷിതമാകണം എന്നാണ് ബാങ്ക് ഉദ്യോഗസ്ഥനായ ജി.ആർ ജയകൃഷ്ണനും ആഗ്രഹിച്ചത്. തൻ്റെ മകൻ രോഹിത് കൃഷ്ണനെക്കുറിച്ച് അദ്ദേഹം സ്വപ്നം കണ്ടതും അങ്ങനെയൊക്കെയാണ്. അച്ഛന്റെ ആഗ്രഹം പോലെ രോഹിത് എഞ്ചിനിയറിംഗിന് തന്നെ ചേർന്നു. മികച്ച നിലയിൽ പാസ്സായി. പിന്നീട് സ്ഥിരവരുമാനത്തിനായി ഒരു ജോലിക്ക് ശ്രമിക്കേണ്ടതിന് പകരം വിപരീതമായ ഒരു പാതയാണ് രോഹിത് തെരഞ്ഞെടുത്തത്. എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയായ ജി ആർ ജയകൃഷ്ണന്റെ മകൻ രോഹിത് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ വിവിധ പരിപാടികളിൽ കീ ബോർഡ് വായിച്ച് അനുവാചകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പ്രശസ്ത ഗായകൻ ഹരിശങ്കറിന്റെ നേതൃത്വത്തിൽ കാവാലം നാരായണ പണിക്കരെ ആദരിച്ച ചടങ്ങിൽ കീ ബോർഡിൽ കാവാലത്തിന്റെ പാട്ടുകളുടെ ഒരു ഗാനമാലിക ‘നിറങ്ങളെ പാടൂ’ എന്ന പരിപാടിയിൽ കീ ബോർഡിൽ രോഹിത് പ്രകടിപ്പിച്ച മന്ത്രവിദ്യ തന്നെയായിരുന്നു ആ പരിപാടിയുടെ വിജയത്തിന്റെ മുഖ്യകാരണം. അവൻ എഞ്ചിനിയറിംഗിൽ മികച്ച വിജയം നേടി എത്തിയ സമയത്ത് ജി.ആർ നോട് ‘രോഹിത് എന്തെടുക്കുന്നു’ എന്ന് ഞാൻ ഒരിക്കൽ യാദൃശ്ചികമായി ചോദിച്ചു. തെല്ല് നിരാശയോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്:
“ഓ എന്തു പറയാനാ, അവനിപ്പം എ.ആർ റഹ്മാന്റെ കീഴിൽ പിയാനോ പഠിക്കണം എന്ന വാശിയിലാണ്…”
“സർ, രോഹിതിന് അപാര ടാലന്റും ഈ മേഖലയിൽ നല്ല പാഷനുമുണ്ട്. തീർച്ചയായും ആ തീരുമാനം അവന്റെ കരിയറിന് ഗുണം ചെയ്യും. എല്ലാവരെയും പോലെ അവനെ ഒരു ജോലിക്ക് വിട്ട് അവന്റെ ശോഭനമായ ഭാവി കളയണ്ട. തീർച്ചയായും സംഗീതമേഖലയിൽ രോഹിത് നല്ല ഒരു നിലയിൽ എത്തും. ഇത്തരം കഴിവുകൾ എല്ലാവർക്കുമൊന്നും കിട്ടുന്നതല്ല.”
ഞാൻ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. നിരാശ നിഴലിച്ച ആ മുഖത്ത് അപ്പോൾ പ്രത്യാശയുടെ വെളിച്ചം പരന്നത് ഇന്നും ഞാൻ ഓർക്കുന്നു.
എ ആർ റഹ്മാൻ അക്കാദമിയിൽ നിന്ന് കൂടുതൽ അറിവുകൾ ഹൃദ്വിസ്തമാക്കി പിയാനോയിലും കീ ബോർഡിലും ഏറെ പരീക്ഷണങ്ങൾ നടത്തുന്ന യുവ സംഗീതപ്രതിഭയായി രോഹിത് കൃഷ്ണൻ ഇന്ന് മാറി.
രോഹിത് ജീവിതസഖിയായി തെരഞ്ഞെടുത്തത് മറ്റാരെയുമല്ല. സംഗീതം ആത്മാവിൽ ആവാഹിച്ച ഒരു യുവ ഗായികയെ. എ ആർ റഹ്മാൻ ഇന്ത്യയിലെ മികച്ച 10 യുവഗായകരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളായി മാറിയ അമൃത രാജനെ തന്നെ. ആ 10 പേരിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തത് അമൃതയുൾപ്പെടെ 3 പേരെ മാത്രം. സംഗീതാലാപനത്തിൽ ആരെയും വിസ്മയിപ്പിക്കുന്ന ആലാപനശൈലിയാണ് അമൃതയുടേത്. പാട്ടുകൾ ഏത് ശൈലിയിലെയും ഏത് ഭാഷയിലേതും ഏത് കാലഘട്ടത്തിലേതുമായിക്കൊള്ളട്ടെ ആ പാട്ടുകളൊക്കെത്തന്നെ അമൃതയുടെ ആലാപനത്തിലൂടെ ആസ്വാദകരിൽ ആവേശമായി അലയടിക്കുന്നു
‘കൃപയ പാലയ’ അമൃതയുടെയും രോഹിതിന്റെയും നേതൃത്വത്തിലുള്ള ആദ്യ കർണ്ണാട്ടിക് സംഗീത സംരംഭമാണ്.
തീർച്ചയായും എല്ലാ സംഗീതപ്രേമികൾക്കുമത് ഇഷ്ടമാകും.
നവരാത്രിയുടെ നിറവിൽ ഇവരുടെ സംഗീതാർച്ചന ആസ്വാദകരുടെ മനം നിറയ്ക്കും.
ലിങ്ക്
സംഗീതവീഥിയിൽ പ്രതിഭാധനരായ ഈ യുവ ദമ്പതികൾക്ക് എല്ലാ ഭാവുകങ്ങളും
ജയൻ മൺറോ