NEWSWorld

ഫ്ലോറിഡയെ തകര്‍ത്ത് യാൻ, അമേരിക്ക നേരിട്ട ശക്തമായ ചുഴലിക്കാറ്റുകളിലൊന്നെന്ന് റിപ്പോര്‍ട്ട്

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ അതീജിവിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് രക്ഷാപ്രവർത്തകർ ഇപ്പോഴും. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടുകളും റെസ്റ്റോറന്റുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.

ലീ കൗണ്ടിയിൽ മാത്രം മരിച്ചത് 35 പേരാണ്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഫ്ലോറിഡ ബുധനാഴ്ച സന്ദർശിക്കും. അതേസമയം തിങ്കളാഴ്ച, മറ്റൊരു ചുഴലിക്കാറ്റായ ഫിയോനയിൽ നാശനഷ്ടം ഉണ്ടായ പ്യൂറെറ്റോ റികോ സന്ദർശിച്ചതിന് ശേഷമായിരിക്കും ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് അമേരിക്കയിൽ ഫിയോന ആഞ്ഞടിച്ചത്.

Signature-ad

വൈദ്യുതി, ഫോൺ ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്. ഫ്ലോറിഡയിൽ 900,000 പേർക്ക് വൈദ്യുതി ലഭിക്കുന്നില്ല. വിർജിനിയയിലും നോർത്ത് കരോലിനയിലുമായി 45000 ഓളം പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് പാലങ്ങൾ തകർന്നതായും വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങി 16 കുടിയേറ്റക്കാരെയാണ് കാണാതായിരിക്കുന്നതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ‍

Back to top button
error: