ദില്ലി: മഹാത്മ ഗാന്ധിയുടെ 153 ാം ജന്മദിനത്തിൽ രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്ട്രപതി ദ്രൗപദി മുർമു , ഉപരാഷ്ട്രപതി ജഗദീപ് ധൻകർ , എന്നിവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ഗാന്ധിജയന്തി ദിനം രാജ്യത്തിന് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങൾ ഇപ്പോഴും ലോകമാകെ മുഴങ്ങിക്കേൾക്കുന്നുവെന്നും അദ്ദേഹത്തിന്റെ ചിന്തകൾ അനേകം ആളുകൾക്ക് ഊർജമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ ജനങ്ങൾ ഖാദി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങണമെന്ന ആഹ്വാനവും മോദി നടത്തി.
അനേകമാളുകളെ പ്രചോദിപ്പിച്ച ഗാന്ധിജിയുടെ ജീവിതത്തെ അനുസ്മരിക്കാനും ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള അവസരമാണിതെന്നുമാണ് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. സ്വദേശിവൽക്കരണവും സ്വാശ്രയത്തവും രാജ്യത്തെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയാണെന്നും രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മല്ലിഖാർജുൻ ഖർഗെ എന്നിവരും രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു. ഭാരത് ജോഡോ യാത്ര കർണാടകയിലെത്തിയതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൈസൂരുവിലെ ഖാദി ഓഫിസിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിലാണ് പൂക്കൾ അർപ്പിച്ച് ആദരമറിയിച്ചത്. ഇവിടെ നടന്ന പ്രാർഥനാ ചടങ്ങിലും രാഹുൽ പങ്കെടുത്തു.
അതേസമയം ഇന്ന് ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മ ദിനം കൂടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനും ആദരം അർപ്പിച്ചു. ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു. ദില്ലിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഗാലറിയിൽ നിന്ന് പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ചില കാഴ്ചകളുമാണ് മോദി പങ്കുവെച്ചത്.