CrimeNEWS

കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തി; ഇരുപത്തിയഞ്ച് കിലോ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ അധികൃതര്‍ പിടികൂടി. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്. ആന്റി ഡ്രഗ്‌സ് ട്രാഫിക്കിങ് വിഭാഗം നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. ലഹരിമരുന്നും പണവും ഉള്‍പ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്ന് 700 കുപ്പി മദ്യം പിടികൂടിയിരുന്നു. കേസില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ ബോട്ടിന്റെ ക്യാപ്റ്റന് അഞ്ചു വര്‍ഷം കഠിന തടവും കൂട്ടാളിയായ സ്വദേശിക്ക് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ നിന്ന് ഒഴിവാക്കി. മദ്യക്കടത്തിനെ കുറിച്ച് ഉടമസ്ഥന് അറിയില്ലായിരുന്നെന്ന് ക്യാപ്റ്റന്‍ കോടതിയില്‍ വ്യക്തമാക്കി.

Signature-ad

മൂന്ന് കണ്ടെയ്‍നറുകളിലായി കൊണ്ടുവന്ന പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യവും കുവൈത്തില്‍ പിടിച്ചെടുത്തിരുന്നു. സഭവത്തില്‍ അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു.

Back to top button
error: