കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി.
ഡോക്ടര്‍ മൊഹാദിനാണ് മര്‍ദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു കൂട്ടം ചേര്‍ന്ന് മര്‍ദ്ദനം. ചെവിക്ക് പരുക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.
ഇവരില്‍ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി വന്നിരുന്നു. ഇവരോട് ഡോക്ടര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് മര്‍ദനം. ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.