പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം ആലുവ കുഞ്ഞുണ്ണിക്കരയിലെ പ്രധാന ഓഫീസ് പൂട്ടിയതിന് പിന്നാലെ ഇന്നു കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഹൗസും പൂട്ടി. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്‍.ഐ.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി.
ഓഫീസുകള്‍ പൂട്ടി സാധന ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടെ ഓഫീസ് സംബന്ധിച്ച് നിരവധി സംശയങ്ങളാണ് അധികൃതര്‍ക്കുള്ളത്. നാല് പേരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത് ആരൊക്കെയാണ് ഇതിനുള്ള ഫണ്ടിങ് എങ്ങനെയാണ് എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് എന്‍.ഐ.എ പോവുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വീണ്ടും റെയ്ഡ് നടത്തുന്നുമുണ്ട്. ഇതിന് ശേഷമാവും പൂട്ടി സീല്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
എന്‍.ഐ.എ ഉദ്യോഗസ്ഥര്‍, ഫറൂഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ എന്നിവരെല്ലാം സ്ഥലത്തുണ്ട്. എന്നാല്‍, പ്രവര്‍ത്തകരോ മറ്റോ റെയ്ഡ് നടത്തുന്ന ഇടത്തേക്ക് എത്തിയിട്ടില്ല. ജില്ലയിലെ പി.എഫ്.ഐയുടെ ഓഫീസുകള്‍ പൂട്ടുന്ന നടപടി ഇന്ന് രാവിലെ തന്നെ ആരംഭിച്ചിരുന്നു. നാദാപുരം, കുറ്റ്യാടി, വടകര എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്.