KeralaNEWS

പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബര്‍ 20 വരെ നീട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബര്‍ 20 വരെ നീട്ടി. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സത്യവാങ്മൂലം യു.ജി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രിയാ വര്‍ഗീസിനു മാനദണ്ഡപ്രകാരമുള്ള എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

യു.ജി.സി നേരത്തേ ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും നിലപാടു രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് യു.ജി.സി ഇന്നു കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു.

പ്രിയാ വര്‍ഗീസിനെ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ഒന്നാം റാങ്കായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാണിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളജ് മലയാളവിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിനെ റാങ്കില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപന പരിജയമില്ലെന്നു ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

 

Back to top button
error: