ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് സി.ബി.ഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങള്‍ ശേഖരിച്ചു. തഹസില്‍ദാരെ വരുത്തി രേഖകള്‍ ഒത്തു നോക്കി ഉറപ്പു കരുതിയാണ് സംഘം മടങ്ങിയത്.
ശിവകുമാര്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ‘ഭാരത് ജോഡോ’ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ഇരിക്കെയാണ് റെയ്ഡ്.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017 ല്‍ ശിവകുമാന്റെ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. അനധികൃതമായ 75 കോടി രൂപ ശിവകുമാര്‍ സമ്പാദിച്ചെന്നാണ് അന്ന് സി.ബി.ഐ അറിയിച്ചത്. സി.ബി.ഐയ്ക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളില്‍ പരിശോധന നടത്തുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഡല്‍ഹി സഫ്ദര്‍ജങ്ങിലെ ശിവകുമാറിന്റെ ഫ്‌ളാറ്റില്‍ 2017 ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.69 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. 2019 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍പതു ദിവസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് ഇഡിയുടെ വാദം. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷണത്തിന് വിട്ടിരുന്നു.