തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ തട്ടിപ്പിനു രണ്ടുതവണ പിടിയിലായ ജീവനക്കാരിക്ക് ഉടന്‍ സ്ഥാനക്കയറ്റം. തട്ടിപ്പു കണ്ടുപിടിക്കേണ്ട ഓഡിറ്റു വിഭാഗത്തില്‍തന്നെ ചുമതലയും നല്‍കി. വിവരാവകാശ നിയമപ്രകാരം കോര്‍പ്പറേഷന്‍ നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. തിരുവനന്തപുരത്തെ 1035-ാം നമ്പര്‍ വിദേശമദ്യക്കടയില്‍ ഉപഭോക്താക്കളില്‍നിന്നു കൂടുതല്‍ തുകയീടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓഡിറ്റു വിഭാഗം ജീവനക്കാരിയെ പിടികൂടിയത്. ഒരാളില്‍നിന്ന് 160 രൂപയധികം വാങ്ങിയതായി കണ്ടെത്തി. ഇതേകാര്യത്തിനു ജൂണില്‍ പിടിയിലായപ്പോള്‍ 120 രൂപയധികം വാങ്ങിയതായി വ്യക്തമായി. ഇത്തരത്തില്‍ ആയിരക്കണക്കിനു രൂപ തട്ടിയതായി ബോധ്യപ്പെട്ടിരുന്നു.
തട്ടിപ്പു വ്യക്തമായെങ്കിലും ഇവര്‍ക്കു പ്രത്യേക പരിഗണനകിട്ടി. ഉടന്‍ പിഴയടപ്പിച്ച് തുടര്‍നടപടിയില്‍ നിന്നൊഴിവാക്കി. 160 രൂപ പിടിച്ചപ്പോള്‍ അതിന്റെ 300 ഇരട്ടിയായ 48,000 രൂപ പിഴയടപ്പിച്ചു. രണ്ടാമതു 120 രൂപ പിടിച്ചപ്പോള്‍ 36,000 രൂപയും ഈടാക്കി. ക്രമക്കേടു കണ്ടെത്തിയാല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയാണു പതിവ്. പിഴയൊടുക്കിയാലും ശമ്പളം വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള നടപടിയെടുക്കും. സ്ഥലംമാറ്റുകയും ചെയ്യും. കോര്‍പ്പറേഷന്റെ സത്പേരിനു കളങ്കമുണ്ടാക്കിയതിന്റെ പേരിലാകും നടപടി.
എന്നാല്‍, തിരുവനന്തപുരത്തെ ജീവനക്കാരിക്ക് ഇതൊന്നും ബാധകമായില്ല. അവര്‍ തിരുവന്തപുരത്തുതന്നെ തുടര്‍ന്നു. മറ്റു ജീവനക്കാര്‍ ഇക്കാര്യം മുന്‍ മാനേജിങ് ഡയറക്ടര്‍ ശ്യാംസുന്ദറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മണ്ണാര്‍ക്കാട്ടേക്കു സ്ഥലംമാറ്റി. തുടര്‍ന്ന് അവര്‍ അവധിയെടക്കുകയും ഉടന്‍ തിരുവനന്തപുരത്തു മടങ്ങിയെത്തുകയും ചെയ്തു. അച്ചടക്കനടപടിയുടെ ഭാഗമായി പലരും മറ്റു ജില്ലകളില്‍ പണിയെടുക്കുമ്പോഴാണ് ഇത്രയും ഗുരുതരക്രമക്കേടു നടത്തിയ ജീവനക്കാരിയെ സ്ഥാനക്കയറ്റം നല്‍കി ഓഡിറ്റു വിഭാഗത്തില്‍ നിയമിച്ചതെന്ന് സംഘടനാനേതാക്കള്‍ ആരോപിക്കുന്നു.