KeralaNEWS

തെരുവ് നായകളെ കൊല്ലാൻ അനുവദിക്കണം; കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുസ്ഥാപനങ്ങളും സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോര്‍പറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001-ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു.

Signature-ad

ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്‌. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും നടന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്കുകളും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി.രാമന്‍ എന്നിവരാണ് രണ്ട് അപേക്ഷകളും ഫയല്‍ ചെയ്തത്.

ഇതിനിടയില്‍ കേരളത്തില്‍ തെരുവ് നായകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് എതിരെ വ്യാപകമായി അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആവശ്യം നാളെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

കേരളത്തിലെ തെരുവ് നായകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനാണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്

Back to top button
error: