ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ ഭക്ഷണം വിളമ്പുന്നിടത്ത് പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാൻ എത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്.
സെപ്റ്റംബര്‍ 21-നായിരുന്നു വിവാഹം. എന്നാല്‍ വിവാഹം നടന്ന ഹാളില്‍ ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെ നിരവധിപേര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് വധുവിന്റെ വീട്ടുകാര്‍, ആധാര്‍ കാര്‍ഡ് കാണിക്കുന്നവരെ മാത്രമേഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ശഠിച്ചത്. വരന്റെ കൂട്ടരില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് അവര്‍ക്കൊപ്പം വന്നവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡ് പരിശോധിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
നിരവധിപേര്‍ വിവാഹവേദിയിലേക്ക് എത്തിയതോടെ കരുതിയിരുന്ന ഭക്ഷണമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയായി എന്നായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത ഒരാളുടെ പ്രതികരണം. അതേസമയം വിവാഹം നടന്ന സ്ഥലത്ത് അന്നേദിവസം രണ്ട് കല്യാണങ്ങള്‍ നടന്നതാണ് തിരക്കിന് കാരണമായതെന്ന് മറ്റൊരാൾ പറയുന്നു. രണ്ടാമത്തെ വിവാഹത്തിന് എത്തിയവരും ഇവിടേക്ക് ഭക്ഷണം കഴിക്കാന്‍ കയറിയെന്നും ഇദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കാൻ കയറുന്നതിന് മുമ്പ് ആളുകള്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.