NEWS

സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിനുശേഷം വിദേശത്തേയ്ക്കു കടന്ന പ്രതിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം സി.ബി.ഐ മുഖാന്തിരം സ്റ്റേറ്റ് ഇന്‍റര്‍പോള്‍ ലെയ്സന്‍ ഓഫീസര്‍ ഐ.ജി എസ്.ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഹൈദരാബാദില്‍ എത്തിച്ചു. തിരുവനന്തപുരം സിറ്റി ഡി.പി.സി ഡോ.ദിവ്യ ഗോപിനാഥിന്‍റെ നിര്‍ദ്ദേശാനുസരണം പൂന്തുറ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Signature-ad

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ചിട്ടുള്ള ഇന്‍റെര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ-ഓര്‍ഡിനേഷന്‍ ടീം കേരളത്തില്‍ നിന്ന് വിദേശത്തേയ്ക്കു രക്ഷപ്പെട്ട നിരവധി പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അനില്‍കാന്ത്, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ടീം പ്രവര്‍ത്തിക്കുന്നത്.

Back to top button
error: