കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാവകാശം തേടി നടന് ശ്രീനാഥ് ഭാസി. തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നു പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാളെ രാവിലെ ഹാജരായാല്‍ മതിയാകുമെന്നു പോലീസ് അറയിച്ചു. ചോദ്യംചെയ്യലിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തില്‍ നടന് അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുന്‍നിര്‍ത്തിയാകും ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യംചെയ്യുക.