CrimeNEWS

കിടക്കപങ്കിടാന്‍ വിസമ്മതിച്ച 19 വയസുകാരി റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി: മുന്‍മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ 19 വയസുകാരിയായ റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ട കേസില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു.

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ഗഡ്‌വാളിലെ യംകേശ്വറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്ന് കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവും ബി.െജ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.

Signature-ad

18 ന് ജോലിക്കു പോയ അങ്കിത മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്നു റിസോര്‍ട്ട് ഉടമയും തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പുല്‍കിത്, പെണ്‍കുട്ടിയെ കൊന്നതാണെന്ന് കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.

പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യ നിലവില്‍ സംസ്ഥാന ഒ.ബി.സി ക്ഷേമ കമ്മിഷന്‍ ചെയര്‍മാനാണ്. മറ്റൊരു മകനായ അങ്കിതും ബി.ജെ.പി. നേതാവാണ്.

ഋഷികേശി ല്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന റിസോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കേസ് റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രതികളെ കണ്ടെത്തി.

എന്നാല്‍, സെപ്റ്റംബര്‍ 18-ന് പെണ്‍കുട്ടിയെ കാണാതായിട്ട് 21 നാണ് പോലീസ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി. അധികാരദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്റ പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളികളായത് ആരായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

 

 

 

Back to top button
error: