ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി.ജെ.പി- യു.ഡി.എഫ് കൂട്ടുകെട്ടിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐഎം
ബി.ജെ.പി- യു.ഡി.എഫ് കൂട്ടുകെട്ടിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 68 കോടി രൂപയുടെ അഴിമതി നടന്ന ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
2019 സെപ്തംബര്‍ 3 നാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സി.ബി.ഐക്ക് കൈമാറുകയും ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കേസ് സി.ബി.ഐ ക്ക് വിടാന്‍ തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ തിരുവനന്തപരം വിജിലന്‍സ് കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെ ങ്കിലും അന്വേഷണം തുടരാനാണ് കോടതി വിധിച്ചത്. ഇത്രയും ഗൗരവമേറിയ കേസില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ് തന്നെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്. ഇത് യു.ഡി.എഫും – ബി.ജെ.പിയും തമ്മില്‍ പരസ്യധാരണ തന്നെയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു .
മാറാട് കേസില്‍ സി.ബി.ഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്. മാറാട് കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാര്‍ടിയാണ് ബി.ജെ.പി. മുസ്ലീംലീഗിനെ രക്ഷപ്പെടു ത്താനായാണ് ഈ കേസില്‍ സി.ബി.ഐ അന്വേഷണം മരവിപ്പിച്ചിട്ടുള്ളത്.
പാവങ്ങള്‍ക്ക് വിട് നല്കുന്ന ലൈഫ് പദ്ധതി അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ് എം.എല്‍.എ നല്കിയ പരാതിയില്‍ ഉടന്‍ എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ചതും ഇതേ സി.ബി.ഐ ആണ്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ഇ.ഡിയേയും സി.ബി.ഐ യേയും ബി.ജെ.പി ദുരുപയോഗിക്കുകയാണ്. ഇതുകൊണ്ടാണ് രാജസ്ഥാനും, പശ്ചിമ ബംഗാളിനും പിന്നാലെ കോണ്‍ഗ്രസ് ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സി.ബി.ഐക്ക് നിയന്തണം എര്‍പ്പെടുത്തിയത്. ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി സി.ബി.ഐ യെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.