CrimeNEWS

ശ്രീചിത്ര പുവര്‍ ഹോമില്‍ 14 വയസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ 14 വയസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചു എന്നും ബൂട്ടിട്ട് മര്‍ദിച്ചു എന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പോലീസില്‍ പരാതിനല്‍കരുതെന്ന് അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ആദ്യം അവര്‍ കവിളത്തടിച്ചു എന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ഷീറ്റ് മൂടി അടിച്ചു. പാത്രം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ട് അപ്പുറത്തെ മുറിയില്‍ കൊണ്ടുപോയി ഇടിച്ചു. കൈ കയറുകൊണ്ട് കെട്ടി എന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അതേസമയം, പോലീസില്‍ പരാതിപ്പെടാന്‍ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പൊവര്‍ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങള്‍ ഈ കുട്ടികളെ മാറ്റാന്‍ ആവശ്യപ്പെട്ട് സി.ഡബ്ല്യു.സിക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോള്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ അവര്‍ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല.

Signature-ad

ഈ മാസം ആറിന് ഓണാഘോഷത്തിനിടെയാണ് ശ്രീചിത്ര പുവര്‍ ഹോമില്‍ 14 വയസുകാരന് മര്‍ദനമേല്‍ക്കുന്നത്. വിവരം കുട്ടി ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍, 10 ന് വീട്ടിലേക്ക് അവധിയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി വീട്ടുകാര്‍ക്ക് ആശങ്കയായി. വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി മര്‍ദനത്തിന്റെ കാര്യം പറഞ്ഞു. 10ന് നെടുമങ്ങാട് ആശുപത്രിയിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ കുട്ടിയുടെ കുടുംബം വകുപ്പുമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

 

 

Back to top button
error: