ഓച്ചിറ(കൊല്ലം): ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന് (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ശനിയാഴ്ച രാത്രി 9.30 ഓടെ ഓച്ചിറ കല്ലൂര്‍മുക്കിന് സമീപമാണ് ആക്രമണം നടന്നത്. വെട്ടുകത്തി കൊണ്ട് കഴുത്തിനും പുറത്തും വലതു കൈയ്ക്കും വെട്ടേറ്റ അനന്ദുവിന്റെ നില ഗുരുതരമാണ്. വലതുകൈ വെട്ടേറ്റു തൂങ്ങിയ നിലയിലാണ്. രക്തം വാര്‍ന്നൊഴുകി റോഡ് വക്കില്‍ കിടന്ന അനന്ദുവിനെ ഓച്ചിറ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെഞ്ചിന് വെട്ടേറ്റ പങ്കജിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണ (26) ന്റെ പരുക്ക് നിസാരാമാണ്.
സംഭവത്തില്‍ കായംകുളം സ്വദേശികളായ വരിക്കപ്പള്ളില്‍ ഷാന്‍, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെ ഓച്ചിറ പോലീസ് കേസെടുത്തു. ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളും സുഹൃത്തുക്കളുമാണിവര്‍. ഷാനും പങ്കജും തമ്മില്‍ ഫോണില്‍ സംസാരിച്ചപ്പോളുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പ്രകോപിതനായ ഷാന്‍, പങ്കജിനെ നേരിടാനായി മറ്റ് നാല് സുഹൃത്തുക്കളുമായി കാറില്‍ കല്ലൂര്‍മുക്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയും മറ്റ് ഉപയോഗിച്ച് അനന്ദുവിനെയും പങ്കജിനെയും വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.