കീഴാറ്റൂർ: സ്കൂളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി. സ്കൂൾ മുറ്റത്ത് സ്വൈര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളെ പേടിച്ച് ഒടുവിൽ തളിപ്പറമ്പ് കീഴാറ്റൂർ എൽപി സ്കൂൾ വിദ്യാർഥി അനയ പ്രസാദാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി കത്തയച്ചത്.
“ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കീഴാറ്റൂർ ഗവ. എൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് ഞാൻ. തെരുവുനായ്ക്കളുടെ ശല്യം മൂലം കുട്ടികളായ ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നില്ല… വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു” – കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്കൂൾ സ്റ്റേജിലെ ഭക്ഷണ മുറിയിൽ ഉണ്ടായിരുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച അധ്യാപകന് നേരെ നായകൾ കുരച്ച് ചാടി വന്നത് ഭീതി പരത്തിയിരുന്നു. ഇവയുടെ ശല്യം രൂക്ഷമായതോടെ ഇന്റർവെൽ സമയത്ത് അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രമേ വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ഇതേ തുടർന്നാണ് വിദ്യാർഥികൾക്കു വേണ്ടി അനയ മുഖ്യമന്ത്രിക്ക് കത്തയക്കാൻ തീരുമാനിച്ചത്.