കോഴിക്കോട്: ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍നിന്ന് ആര്‍.ടി.ഒ. രേഖകളും പണവും പിടിച്ചെടുത്തതില്‍ നടപടി. മോട്ടര്‍ വാഹന വകുപ്പിലെ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു എ.എം.വി.ഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്. സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ ഒപ്പിട്ട രേഖകളാണ് സമീപത്തുള്ള കടയില്‍നിന്നും കണ്ടെത്തിയത്.
ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തെ കടയില്‍നിന്ന് 1,59,390 രൂപയും 114 വാഹന ആര്‍.സി.കള്‍ ഉള്‍പ്പെടെ ആര്‍.ടി.ഒ. ഓഫീസില്‍ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ വിജിലന്‍സ് എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ക്രമക്കേടുകള്‍ വ്യക്തമാക്കുന്നനിലയില്‍ പണവും രേഖകളും കണ്ടെടുത്തത്.
19 ഡ്രൈവിങ് ലൈസന്‍സുകള്‍, 12 പെര്‍മിറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നു. ‘ഓണ്‍ലൈന്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി’ എന്നപേരില്‍ ലൈസന്‍സോ, അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടയില്‍നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി രബി ചന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പിടിച്ചെടുത്തവയില്‍ ആര്‍.ടി. അധികൃതര്‍ ഒപ്പിട്ട രേഖകളുമുണ്ടായിരുന്നു. ക്രമക്കേടിന്റെ ഗൗരവം മനസ്സിലാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു.