KeralaNEWS

പൊട്ടിപ്പൊളിഞ്ഞ് റോഡുകള്‍, 4 ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ സംഭവത്തില്‍ നാല് ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാരാണ് ഹൈക്കോടതിക്ക് വിശദീകരണം നല്‍കേണ്ടത്. 20 ദിവസം മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ചു അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും പൊലിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ ശക്തന്‍ ബസ്റ്റാന്റിന് സമീപത്ത് റോഡ് പൊളിഞ്ഞതിലും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നേരെത്തെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികള്‍ അടച്ച ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുട്ടമശേരി ഭാ?ഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ് ഇവിടെ. ഹൈക്കോടതി വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാഗവും വീണ്ടും കുഴിയായി.

Signature-ad

മോശം അവസ്ഥയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ കുഴികളില്‍ പൂക്കളമിട്ട് യു.ഡി.എഫ്. പ്രതിഷേധിച്ചു. കഞ്ഞിക്കുഴി ജങ്ഷനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് റോഡില്‍ പൂക്കളമിട്ടത്. കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടും കുഴിയടയ്ക്കാന്‍ നടപടി ഇല്ലെന്നാണ് യു ഡി എഫ് ആരോപണം. ദേശീയ പാത അതോറിറ്റിയുടെ ചുമതലയിലുള്ളതാണ് റോഡ്. കോട്ടയത്തെ വിവിധ റോഡ് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജില്ലയില്‍ എത്താനിരിക്കെ ആയിരുന്നു യു.ഡി.എഫ്. പ്രതിഷേധം.

 

Back to top button
error: