ദോഹ: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ഡ് 30 റിയാലില്‍ നിന്ന് 20 റിയാലായി കുറച്ചു. മരുന്നുകള്‍ക്ക് പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ (Medical consumables), ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ (Dietary products) തുടങ്ങിയവയുടെയും ഹോം ഡെലിവറി ചാര്‍ജ് കുറച്ചിട്ടുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഏപ്രിലിലാണ് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും പോസ്റ്റിലൂടെ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ രോഗികളില്‍ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്ന് നാല് ലക്ഷവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷവും മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുവെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഈ വര്‍ഷം അവസാനം വരെ പ്രാബല്യത്തിലുണ്ടാകും.