മദ്യക്കുപ്പികൾ പൊട്ടിച്ചു കളയുകയോ വിജനമായ സ്ഥലങ്ങളിൽ എറിഞ്ഞു കളയുകയോ ആണ് പലരും ചെയ്യുന്നത്. പക്ഷേ ഇനി മുതൽ ഉപയോഗശൂന്യമായ വസ്തുവായി മദ്യക്കുപ്പികൾ ഉപേക്ഷിക്കേണ്ട കാര്യമില്ല. നല്ല പൊന്നുവില ലഭിക്കും. സംഗതി കേരളത്തിലല്ല എന്നു മാത്രം. രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാണ് സംഭവം. അവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. കാരണം എന്താണെന്നല്ലേ…? ഒഴിഞ്ഞ മദ്യകുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ.
കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്ക്കുക, ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടമായി നീക്കിവച്ചിരിക്കുന്നത്. ‘ജീവിക’ എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്.
മദ്യത്തിന് വിലക്കുണ്ടെങ്കിലും, സംസ്ഥാനത്ത് മദ്യ വേട്ട പതിവാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിൻ്റെ അളവ് വലുതാണ്. ഈ കുപ്പികൾ നശിപ്പിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുന്നു. പൊട്ടിച്ചു കളയുകയാണ് ആണ് പതിവ്. മാറിയ സാഹചര്യത്തിൽ ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറും. സംസ്ഥാനത്ത് വലിയൊരു വിഭാഗം സ്ത്രീകൾക്ക് വള നിർമാണത്തിൽ പരിശീലനം നൽകി കഴിഞ്ഞിട്ടുണ്ട്.
പിടിച്ചെടുത്ത മദ്യക്കുപ്പികൾ തകർത്ത് വൻതോതിൽ മാലിന്യമായി തള്ളി വരികയായിരുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ചില്ലുവളകൾ നിർമ്മിക്കുന്ന ‘ജീവിക’ തൊഴിലാളികൾക്ക് പൊടിച്ച കുപ്പികൾ അസംസ്‌കൃത വസ്തുക്കളായി നൽകും. ഗ്ലാസ് നിർമ്മാണത്തിന് ‘ജീവിക’ തൊഴിലാളികൾക്ക് പരിശീലനവും നൽകി വരുന്നുണ്ട്. സംസ്ഥാനത്ത് ഓരോ വർഷവും വൻതോതിൽ മദ്യം പിടികൂടുന്നുണ്ടെന്നും പിടിച്ചെടുത്ത കുപ്പികൾ സംസ്കരിക്കാൻ അധികൃതർ ബുദ്ധിമുട്ടുന്നുണ്ടെന്നും എക്സൈസ് മന്ത്രി സുനിൽ കുമാർ പറയുന്നു.