CrimeNEWS

യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്ക്കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നഗരത്തെ വിറപ്പിച്ച സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടത്തില്‍ സൗന്ദര്യവത്ക്കരണം നടത്തിയത് വിവാദമായി. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ ഇന്നു രാവിലെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടന്നതെന്നു ബി.ജെ.പി. ആരോപിച്ചു.

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം. യാക്കൂബ് മേമന്റെ കബറിടം ശവകുടീരമാക്കി മാറ്റിയതിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിട്ടുണ്ട്. ”ഉദ്ധവ് താക്കറെ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1993 ല്‍ പാകിസ്താനുവേണ്ടി മുംബൈയില്‍ സ്ഫോടന പരമ്പര നടത്തിയ കൊടുംഭീകരവാദി യാക്കൂബ് മേമമന്റെ കബറിടമാണ് സൗന്ദര്യവത്കരിച്ചത്. ഇതാണോ മുംബൈയോടുള്ള അവരുടെ സ്നേഹം. ഇതാണോ രാജ്യസ്നേഹം. ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും മുംബൈയിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം” – രാം കദം ആവശ്യപ്പെട്ടു.

Signature-ad

1993 ല്‍ നടന്ന മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ 2015 ജൂലൈ 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി. സ്ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 723 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Back to top button
error: