കൊല്ലം: കൊട്ടിയം തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്! ബന്ധുവില്‍നിന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നു ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ ആഷിക്കിന്റെ അമ്മ. അയല്‍വാസിയാണ് 10 ലക്ഷം രൂപ വാങ്ങിയത്. താന്‍ പണം കൊടുക്കുന്നതിന് ഇടനിലനിന്നു എന്നത് സത്യമാണ്. ഇതില്‍ ഇപ്പോള്‍ എന്തുസംഭവിച്ചു എന്നത് തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് 10 ലക്ഷം രൂപ അയല്‍വാസി വാങ്ങിയത്. വായ്പ തിരിച്ചടവിന് വേണ്ടിയാണ് അയല്‍വാസിയായ സ്ത്രീ തന്നോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍ അയല്‍വാസി ഈ പണം തിരികെ നല്‍കിയില്ല. ഇതില്‍ കേസ് നിലവിലുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
താന്‍ പണം വാങ്ങിച്ചിട്ടില്ല. തന്റെ ആവശ്യത്തിന് വിനിയോഗിച്ചിട്ടുമില്ല. 2019 ല്‍ നടന്ന സംഭവമാണിത്. ഈ 10 ലക്ഷത്തിന്റെ പേരിലാണോ തന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നവെന്ന തരത്തില്‍ നേരത്തേ വാര്‍ത്ത പരന്നിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന് ആഷിക്കി(14)നെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് രണ്ടു കാറുകളിലായി എത്തിയ ആറംഗ സംഘമാണ് കുട്ടിയെ റാഞ്ചിയത്. തടസം പിടിക്കാനെത്തിയ സഹോദരിയെ പ്രതികള്‍ അടിച്ചു വീഴ്ത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ മയക്കുഗുളിക നല്കി ബോധരഹിതനാക്കിയെന്ന് 14 കാരന് ആഷിക്ക് പറഞ്ഞു. റോഡിലൂടെ തന്നെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവര്‍ സംസാരിച്ചത് തമിഴാണെന്നും ആഷിക്ക് പറഞ്ഞു. അയല്‍വക്കത്തെ വീട് വാടകയ്ക്ക് കൊടുക്കുമോ എന്ന് ചോദിച്ചാണ് ഒരാള്‍ വീട്ടില്‍ വന്നത്.
അതേപ്പറ്റി അറിയില്ലെന്ന് താന്‍ മറുപടി പറഞ്ഞു. തിരികെ അകത്തേക്ക് പോയ ഉടനെ വീണ്ടും കതകില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ അച്ഛന്റെ ഫോണ്‍നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടു. അതുപറയുന്നതിനിടെ മറ്റൊരാള്‍ മൂക്കില്‍ തുണി അമര്‍ത്തിപ്പിടിച്ച് തന്നെ എടുത്തു. തടയാന്‍ വന്ന സഹോദരിയെ അടിച്ചു വീഴ്ത്തിയെന്നും ആഷിക്ക് പറഞ്ഞു.
കാറില്‍ കയറ്റിയശേഷം ഫോണില്‍ തന്റെയും സഹോദരിയുടേയും ഫോട്ടോ കാണിച്ചു. ഇത് നീയല്ലേയെന്നു ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍, മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി ഗുളിക വായിലിട്ട് തന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടു. അതു കഴിച്ചപ്പോഴേക്കും ഓര്‍മ്മ പോയിയെന്ന് കുട്ടി പറഞ്ഞു. വണ്ടി കാട്ടില്‍ കൊണ്ടിട്ട് റോഡില്‍ കിടക്കുന്നതാണ് ഓര്‍മ്മ വന്നപ്പോള്‍ കണ്ടതെന്നും ആഷിക്ക് വെളിപ്പെടുത്തി.
ഏതൊക്കെയോ ഊടുവഴിയിലൂടെ തന്നെയും കൊണ്ടുപോയി. മിണ്ടരുതെന്നും നിന്നെ രക്ഷിക്കാമെന്നും അവര്‍ പറഞ്ഞു. പിന്നെ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയപ്പോഴാണ് പോലീസ് പിടികൂടുന്നത്. അപ്പോഴേക്കും ബാഗിട്ട ചേട്ടന് വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയെന്നും ആഷിക്ക് പറയുന്നു.
10 ലക്ഷം രൂപയുടെ ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. ഈ പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മാര്‍ത്താണ്ഡത്ത് ബിഫാം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.