ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ് സൈന്യം വധിച്ചത്.
മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2021 ഏപ്രിൽ 9ന് ഒസൈനികൻ സലീമിനെ കൊലപ്പെടുത്തിയതിലും 2021 മെയ് 29ന് ജബ്ലിപോറയിൽ രണ്ട് സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇരുവര്‍ക്കും പങ്കുണ്ടായിരുന്നെന്ന് കശ്മീർ സോൺ ഡിജിപി വിജയ് കുമാർ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 31നും ജമ്മു കശ്മീരിലെ സോപോരിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്നും രണ്ടു ഭീകരരെ വധിച്ചു. സോപാരയിലെ ബൊമൈ മേഖലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ ആക്രമിച്ചത്. തുടര്‍ന്ന് സൈന്യവും വെടിവെക്കുകായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദിവസവും ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു.