റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നിസ്കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ഉംറക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.