ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. രാജിവെച്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെ ഫലം അറിയാനാകും. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയി ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കും.
രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്നകണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ സര്‍വേ നല്‍കുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണ് വിജയസാധ്യത.
ജയിക്കുന്ന പാര്‍ട്ടി ലീഡര്‍ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക.
നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സ്ഥാനമൊഴിയും. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലവധി അവശേഷിച്ചിട്ടുള്ളത്.