ചെന്നൈ: കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുവര് തുരന്ന് അകത്ത് കയറിയ കള്ളന്മാര് മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്നു പോലീസ് പിടിയിലായി. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവള്ളൂര്‍ കരവട്ടിയിലെ ടാസ്മാകി(സര്‍ക്കാര്‍ മദ്യക്കട)ലാണ് ഇവര്‍ കവര്ച്ചയ്ക്കെത്തിയത്. കവര്‍ച്ചയ്ക്കു ശേഷം റാക്കിലിരുന്ന മദ്യമെടുത്തു കഴിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.
പതിവുപോലെ രാത്രി 11 മണിയോടെ കരവട്ടിയിലെ ടാസ്മാക് കടയടച്ചു ജീവനക്കാര്‍ പോയി. രണ്ടുമണിയോടെ പോലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്നിലെ സിസി ടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതു കണ്ടതോടെ കവര്‍ച്ചയെന്ന് മനസിലായി. പരിശോധനയില്‍ ഒരുവശത്തെ ചുവര് തുരന്നതായും കണ്ടെത്തി.
മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം ആവര്‍ത്തിച്ചതോടെ ഉള്ളില്‍ ആളുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപയുമെടുത്തു പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോഴാണ് റാക്കുകളില്‍ നിരത്തിവച്ചിരുന്ന മദ്യക്കുപ്പികളില്‍ മോഷ്ടാക്കളുടെ കണ്ണുകളുടക്കിയത്. പിന്നെ വേണ്ടുവോളം കഴിച്ചു. ലഹരി മൂത്തതോടെ പുറത്തിറങ്ങാനാവാതെ പരുങ്ങിയ ഇരുവരെയും പോലീസ് വലിച്ചു പുറത്തിറക്കി. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.